പുതിയ മാറ്റങ്ങളുമായി ഗൂഗിൾ ഫോട്ടോസ്; അറിയാം വിശദമായി..

Share

ഗൂഗിൾ ഫോട്ടോസ് പ്ലാറ്റ്‌ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം നാളെ കൂടി മാത്രം. ജൂൺ 1 മുതൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ സ്റ്റോറേജ് ആയ 15 ജിബി.യുടെ പരിധിയിൽ വരും.

നാളെ വരെ ഹൈ ക്വാളിറ്റി ഓപ്ഷനിൽ അപ്‌ലോഡ് ചെയ്യുന്നവ ഈ പരിധിയിൽ വരില്ല. അതിനാൽ പരമാവധി ചിത്രങ്ങളും വിഡിയോകളും ഇന്നും നാളെയുമായി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ഇതുവരെ ഗൂഗിൾ ഫോട്ടോസ് 15 ജിബി പരിധിയിൽ അല്ലാത്തതിനാൽ എത്രവേണമെങ്കിലും ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നു. ജൂൺ 1 മുതൽ അപ്‌ലോഡ് ചെയ്യുന്നവ 15 ജിബി സ്റ്റോറേജ് പരിധിയിലാണ് ഉൾപ്പെടുത്തുന്നത്.

ഗൂഗിൾ ഡ്രൈവ്, ജിമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്കു കൂടിയാണ് 15 ജിബി സ്റ്റോറേജ് എന്നതിനാൽ ജൂൺ 1 മുതൽ പരിധിയിലാത്ത അപ്‍ലോഡിങ് സാധ്യമാകില്ലെന്നു ചുരുക്കം.

അധിക സ്പേസ് ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ എടുക്കാൻ കഴിയും. ഗൂഗിൾ പിക്സൽ 1–5 ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ജൂൺ ഒന്നിനു ശേഷവും 15 ജിബി പരിധിയില്ലാതെ തന്നെ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം.

photos.google.com/storage എന്ന പേജ് തുറന്നാൽ 15 ജിബിയിൽ എത്ര ഭാഗം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാകും.

നിലവിൽ ഫോണുകളിൽ പലതും ഗൂഗിൾ ഫോട്ടോസ് ആപ്ലിക്കേഷനുള്ളതുകൊണ്ട് വരുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇതിലേക്ക് അപ്‍ലോഡ് ആകുന്നത് ഗൂഗിളിന് വലിയ സ്റ്റോറേജ് ബാധ്യതയാണ്.

ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയിലേക്കു മാത്രം പ്രതിദിനം 43 ലക്ഷം ജിബി ഫയലുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്, ഇക്കാരണത്താലാണ് ഗൂഗിൾ ഇങ്ങനെയൊരു തീരുമാനം എടുക്കാനിടയായത്.