തിരുവനന്തപുരം : അംശദായ കുടിശിക വന്ന് രണ്ടിലധികം തവണ അംഗത്വം നഷ്ടപ്പെട്ട തയ്യൽ തൊഴിലാളികൾക്ക് അവരുടെ അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. അംഗത്വം നഷ്ടപെട്ടവർ നവംബർ ഒന്നു മുതൽ 30 വരെ അപേക്ഷ, അംഗത്വം നഷ്ടപ്പെടാനുണ്ടായ കാരണം തെളിയിക്കുന്ന രേഖ, ക്ഷേമനിധി ഐ.ഡി കാർഡ്, പാസ് ബുക്ക് എന്നിവ സഹിതം തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ആരംഭിച്ച തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ പ്രതിവർഷം 240 രൂപ(മാസം 20 രൂപ) യാണ് അടയ്‌ക്കേണ്ടത്. ബോർഡില്‍ രജിസ്റ്റർ ചെയ്ത തയ്യല്‍ തൊഴിലാളികൾക്ക് 60 വയസ്സ് തികയുമ്പോൾ ബോർഡിൽ നിന്ന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് പുറമെ പ്രതിമാസം 1000 രൂപ പെൻഷനായും ലഭിക്കും.
സജീവമായ അംഗങ്ങൾക്ക് വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, സ്കോളർഷിപ്പ്, ക്യാഷ് അവാർഡ്, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, കുടുംബ പെൻഷൻ, അവശതാ പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും കൂടി ഏകദേശം 7 ലക്ഷത്തോളം അംഗങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.