വാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ: ആന്റണി രാജു

Share

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ നിലവിൽ വന്നതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്‌സ് ലൈസൻസ് പുതുക്കൽ, ക്ലാസ്സ് സറണ്ടർ, ഡ്രൈവിംഗ് ലൈസൻസിലെ പേരും ജനനത്തീയതിയും തിരുത്തൽ, ഫോട്ടോയുടെയും ഒപ്പിന്റെയും ബയോമെട്രിക് മാറ്റം, കണ്ടക്ടർ ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും തുടങ്ങിയ 7 സേവനങ്ങൾ കൂടി സാരഥി പോർട്ടറിലൂടെ ഓൺലൈനായി ചെയ്യാം.

മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാണ് ഈ സംവിധാനം പ്രവർത്തനസജ്ജമായത്. ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഓഫീസിലെത്താതെ തന്നെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ സേവനങ്ങൾ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാകും.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.