യുഎഇ യിൽ ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടെ അവധി നൽകണം

Share

യുഎഇ: ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടെ അവധി നൽകാനൊരുങ്ങി യുഎഇ സർക്കാർ. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് യുഎഇയിലെ മാനവ വിഭവ ശേഷി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് അനുസരിച്ചാണ് ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടെയുള്ള അവധി നൽകുന്നത്. അതേ സമയം യുഎഇയിൽ നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളികളെ നിയമിക്കുന്ന വ്യക്തികളിൽ നിന്ന് കുറഞ്ഞത് 50,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾക്കായി നൽകിയിട്ടുള്ള വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്താലോ 18 വയസ്സിന് താഴെയുള്ള തൊഴിലാളിയെ നിയമിച്ചലോ ഈ പിഴ നേരിടാം.

ഒരു ഗാർഹിക തൊഴിലാളിക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാതെ തന്നെ തൊഴിൽ നൽകൽ, ഒരു ഗാർഹിക തൊഴിലാളിയെ നിയമിക്കുകയോ റിക്രൂട്ട് ചെയ്യുകയോ ചെയ്ത ശേഷം അയാൾക്ക്/അവർക്ക് തൊഴിൽ നൽകാൻ സാധിക്കാതെ വരിക, ഗാർഹിക തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകൾ അവർ നൽകിയ ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക. ഗാർഹിക തൊഴിലാളികളുടെ കുടിശിക തീർക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ റിക്രൂട്ട്‌മെന്റ് ഏജൻസി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക. തുടങ്ങിയ തൊഴിൽ ലംഘനങ്ങൾക്കും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.