“ഒഡേപെക്” വിദേശ രാജ്യങ്ങളിലെ തൊഴിൽ മേഖലകൾ കണ്ടെത്താൻ സഹായിക്കുന്ന പൊതുമേഖലാ സ്ഥാപനം: മന്ത്രി വി. ശിവൻകുട്ടി

Share

വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി . വിദേശരാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ബഹുഭൂരിപക്ഷവും സ്വകാര്യ ഏജൻസികളാണ്. പരമാവധി സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒഡേപെക് പ്രവർത്തിക്കുന്നത്. ഇത്തരം സേവനത്തിന് നാമമാത്രമായ സർവ്വീസ് ചാർജ് മാത്രമാണ് ഒഡേപെക് തൊഴിൽ അന്വേഷകരിൽ നിന്ന് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവൽ ഡിവിഷനും ഒഡേപെക്കിന് കീഴിൽ പ്രവർത്തിക്കുന്നു. വിദേശ റിക്രൂട്ട്‌മെന്റ്, എയർ ടിക്കറ്റിംഗ് എന്നീ മേഖലകൾക്കു പുറമെ പാക്കേജ്ഡ് ടൂർ, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ മേഖലകളിൽ കൂടി ഒഡേപെക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

       നാളിതുവരെ പതിനായിരത്തോളം റിക്രൂട്ട്‌മെന്റുകളാണ് ഒഡേപെക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നടന്നിട്ടുള്ളത്. നഴ്‌സ്, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, എൻജിനീയർ, ടീച്ചർ, തുടങ്ങി വിവിധ വിഭാഗം ജീവനക്കാരെ ഗൾഫ് രാജ്യങ്ങൾ, മാലിദ്വീപ്, യു.കെ, ബെൽജിയം, ജർമ്മനി, ഉസ്‌ബെക്കിസ്ഥാൻ, തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. തുർക്കിയിലെ കപ്പൽ നിർമാണ ശാലയിലേക്കുള്ള ടെക്‌നീഷ്യന്മാരുടെയും, ബെൽജിയത്തിലേക്കും ജർമ്മനിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരുടെയും, യു.എ.ഇ.യിലേക്കുള്ള വനിതാ ടെക്‌നിഷ്യൻമാരുടെയും വിസ, മറ്റുയാത്രാ രേഖകൾ എന്നിവയുടെ വിതരണമാണ് നടക്കുന്നത്.