ഇന്ത്യയിലെ ആദ്യത്തെ വനിതാ നിർമ്മിത ഉപഗ്രഹം ‘വീസാറ്റ് ‘ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

Share
 പൂജപ്പൂര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വികസിപ്പിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ നിർമ്മിത    ഉപഗ്രഹമായ  വീസാറ്റ് (Women Engineered Satellite) ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിലെ അദ്ധ്യാപികമാരായ ഡോ. ലിസ്സി എബ്രഹാം, ഡോ. രശ്മി. ആർ. ഡോ.സുമിത്ര. എം.ഡി. വിദ്യാർത്ഥി കോർഡിനേറ്റർമാരായ ദേവിക. ഡി.കെ, സൂര്യ ജയകുമാർ, ഷെറിൽ മറിയം ജോസ് എന്നിവരും എൽ.ബി.എസ് കോളേജിന്റെ പ്രതിനിധിയായി ഗോപകുമാർ. ജി യും  എൽ.ബി.എസ് സെന്ററിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടർ മുജീബ് റഹ്‌മാൻ. എ. കെ. എന്നിവരുമാണ് ചടങ്ങിൽ പങ്കെടുത്തത്.

       വീസാറ്റ് എന്ന ഉപഗ്രഹം 2021 ജനുവരി ഒന്നിന് ISRO വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. വീസാറ്റ് ആകാശത്തിലേക്ക് കുതിച്ചുയുർന്നുകൊണ്ട് എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ  സുപ്രധാന ചുവടുവെയ്പ്പിൽ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണ്. ഐ.എസ്.ആർ.ഒ-യുടെ 60-ാം വാർഷിക പി.എസ്.എൽ.വി മിഷൻ വിക്ഷേപണത്തോടനുബന്ധിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നും പറന്നുയർന്നു കൊണ്ടാണ് ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്. അഞ്ച് വർഷക്കാലയളവിൽ കോളേജിലെ 150-ൽപരം വിദ്യാർത്ഥിനികൾ ചേർന്ന് വികസിപ്പിച്ചെടുത്തതാണ് വീസാറ്റ്. വീസാറ്റ് യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രയത്‌നിച്ച തിരുവനന്തപുരം പൂജപ്പൂര എൽ.ബി.എസ്  വനിതാ എഞ്ചിനിയറിംഗ് കോളേജിലെ വനിതാ എഞ്ചിനിയർമാരുടെ അർപ്പണബോധത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ നേട്ടം.