നോര്‍ക്ക-യു.കെ കരിയർ ഫെയറിന് നാളെ കൊച്ചിയില്‍ തുടക്കമാകും

Share

കൊച്ചി: ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന യു.കെ കരിയര്‍ ഫെയര്‍ റിക്രൂട്ട്‌മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളത്ത് നടക്കും.ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കയാണ് റിക്രൂട്ട്‌മെന്റ്.

അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ നവംബര്‍ 15 നകം 13,000 ത്തോളം അപേക്ഷകളാണ് നോര്‍ക്ക റൂട്ട്‌സില്‍ ലഭിച്ചത്. ഇവയില്‍ നിന്നും ഭാഷാപരിചയം, വിദ്യാഭ്യാസ യോഗ്യതയും മികവും, DWMS (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് വഴിയുളള ഇംഗ്ലീഷ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയം എന്നിവയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിലേയ്ക്കുളള ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്.

21 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ നിശ്ചിത സ്ലോട്ടുകള്‍ തിരിച്ചാണ് ഓരോ മേഖലയില്‍ ഉള്‍പ്പെടുന്നവരുടേയും അഭിമുഖം നടക്കുക. ആദ്യ ദിനം സൈക്രാട്രിസ്റ്റ് ഡോക്ടര്‍മാര്‍, ജനറല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍ എന്നിവര്‍ക്കാണ് സ്ലോട്ടുകള്‍ . രണ്ടാം ദിനം വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കും, മൂന്നാം ദിനം ഡയറ്റീഷ്യന്‍, സ്പീച്ച് തെറാപ്പിസ്റ്റ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, സീനിയര്‍ കെയറര്‍ തസ്തികകളിലേയ്ക്കും, നാലാം ദിനം ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, നഴ്‌സുമാര്‍ എന്നിവര്‍ക്കും, ആഞ്ചാം ദിനം നഴ്‌സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കുമുളള സ്ലോട്ടുകള്‍ പ്രകാരമാണ് റിക്രൂട്ട്‌മെന്റ് നടക്കുക.