തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവയെ കുറിച്ച് പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മന്ത്രി അഭ്യർത്ഥിച്ചു.
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, രക്തം കലര്‍ന്ന കഫം മുതലായവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കുക. പക്ഷികൾ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിർദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.