പ്രസവാനന്തരം അമ്മയെയും നവജാതശിശുവിനെയും വീടുകളിൽ എത്തിക്കുന്ന മാതൃയാനം പദ്ധതിക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ തുടക്കം. ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നവജാത ശിശുവിനെയും അമ്മയെയും സുരക്ഷിതമായും സൗജന്യമായും വീട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ ചെയർമാൻ പി. പി.എൽദോസ് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “അമ്മയും കുഞ്ഞും” പദ്ധതിയുടെ ഭാഗമാണ് മാതൃയാനം പദ്ധതി.
നേരത്തെ പ്രസവ ശേഷം യാത്രാ ചെലവിനായി 500 രൂപയാണ് നൽകിയിരുന്നത്. എന്നാൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൂടുതൽ ദൂരമുള്ള സാഹചര്യങ്ങളിൽ തുക തികയാതെ വന്നിരുന്നു. അതിനൊരു പരിഹരമാണ് മാതൃയാനം പദ്ധതി. ടാക്സി ഉടമകളും മെഡിക്കൽ കോളേജും തമ്മിലുള്ള കരാറിലാണ് പദ്ധതിയുടെ നടത്തിപ്പ്.
ജില്ലയിൽ മൂവ്വാറ്റുപുഴ ജനറൽ ആശുപത്രിക്ക് പുറമെ എറണാകുളം മെഡിക്കൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സെപ്റ്റംബർ മാസം അവസാനത്തോടെ പ്രസവ ശുശ്രൂഷകൾ നടത്തുന്ന എല്ലാ സർക്കാർ ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.