മ്യൂസിയങ്ങൾ ഉടൻ അന്താരാഷ്ട്രതലത്തിലേക്ക് : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Share

സംസ്ഥാനത്തെ മ്യൂസിയങ്ങൾ സാംസ്‌കാരിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന സചേതനമായ കഥ പറയുന്ന മ്യൂസിയങ്ങളാക്കി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന മ്യൂസിയം മാനേജ്‌മെന്റ്‌ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകത്തിന്റെയും നാടിന്റെ സമ്പന്നമായ സാംസ്‌കാരത്തിന്റെയും അടയാളങ്ങളാണ് മ്യൂസിയങ്ങൾ. നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും മഹിതമായ ചരിത്രവും വരും തലമുറയ്ക്ക് കൈമാറുകയെന്ന ദൗത്യമാണ് മ്യൂസിയങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. മ്യൂസിയങ്ങളുടെ പരിപാലനം പ്രധാനപ്പെട്ടതാണ്. സന്ദർശകർക്ക് മ്യൂസിയം ഉൾക്കൊള്ളുന്ന ചരിത്രകഥയും അനുഭൂതികളും പകർന്നു നൽകാനാകണം. കഴിഞ്ഞ 8 വർഷങ്ങളായി പ്രാദേശിക ചരിത്രമ്യൂസിയങ്ങൾ മുതൽ സംസ്ഥാന മ്യൂസിയം വരെ മ്യൂസിയങ്ങളുടെ വലിയ ശൃംഖല തന്നെ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരള സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം മ്യൂസിയം സംസ്ഥാനത്ത് മ്യൂസിയങ്ങൾ രൂപീകരിക്കുന്നതിലും അവയെ ജനാകർഷകവും സന്ദർശക സൗഹൃദവുമാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആധുനിക മ്യൂസിയം സങ്കല്പങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കഥ പറയുന്ന മ്യൂസിയങ്ങൾ ഒരു ദേശത്തിന്റെ ജനതയുടെ വൈവിധ്യവും വൈശിഷ്ടങ്ങളുമായ ഭൂതകാല ചരിത്രത്തെ അനാവരണം ചെയ്യുന്ന ദൗത്യമാണ് നിർവഹിക്കുന്നത്. സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഗതിവേഗം അടയാളപ്പെടുത്തുവാനും അമൂല്യമായ പുരാവസ്തു ശേഖരങ്ങൾ പ്രദർശിപ്പിക്കുക വഴി ചരിത്രവസ്തുതകളെ തിരിച്ചറിയുവാനും മ്യൂസിയങ്ങളിലൂടെ സാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന് അഭിമാനിക്കാവുന്ന രീതിയിൽ 1880ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച നേപ്പിയർ മ്യൂസിയത്തിൽ അമൂല്യമായ വസ്തുക്കൾ വിഭിന്നങ്ങളായ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും കാലക്രമത്തിനനുസൃതമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അതുപോലെ തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവും ലോകപ്രശസ്തമായ രവിവർമ്മ ആർട്ട് ഗ്യാലറിയും നാച്വറൽ ഹിസ്റ്ററി മ്യൂസിയവും കണ്ണൂരിലെ കൈത്തറി മ്യൂസിയവും വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയവും ശ്രദ്ധേയമാണ്. കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി യുടെ സ്മൃതി മ്യൂസിയവും ചന്തപ്പുരയിൽ തെയ്യം മ്യൂസിയവും തയാറാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.