24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ എല്ലാ ജില്ലകളിലും: ചിഞ്ചു റാണി

Share

ആലപ്പുഴ: കന്നു കാലികള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്താനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് ക്ഷീര വികസന മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉത്പാദന ചെലവാണ് കേരളത്തിലെ ക്ഷീരകര്‍ഷകരെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി പച്ച പുല്ല് വ്യാപകമായി വളര്‍ത്താനുള്ള സബ്സിഡി അടക്കമുള്ള എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൃഷി വകുപ്പിന്റെ സഹായത്തോടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ചോളം ഉള്‍പ്പെടെയുള്ള കൃഷി വ്യാപകമാക്കും.

കോവിഡ് പ്രതിസന്ധിയിലും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ കാഴ്ചവെച്ചത്. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.