കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ ചികിത്സ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ നിഷേധിക്കരുതെന്ന് മന്ത്രി വീണ ജോർജ്

Share

ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്കു കുട്ടിയെ എത്തിച്ചാൽ മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിക്കു മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകൾ എത്തിക്കാനുള്ള സാവകാശം നൽകണമെന്നും മന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിന് റേഷൻ കാർഡും ആധാർ കാർഡും ആവശ്യമാണ്. ഈ രേഖകൾ എത്തിക്കാനുള്ള സാവകാശമാണ് നൽകുന്നത്.