ആവശ്യമായ രേഖകൾ എത്തിച്ച മുഴുവൻ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കൾക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് ഓണത്തിന് മുന്നോടിയായി അക്കൗണ്ടിൽ എത്തിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഓരോ ഗുണഭോക്താവിനും 7800 രൂപ വീതമാണ് ലഭിക്കുക. ധനസഹായം എത്തിക്കാൻ 15 കോടി രൂപ വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു. ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസ കിരണം. ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ എന്നിവ കൈമാറിയ വിവിധ ജില്ലകളിലുള്ളവർക്കാണ് 13 മാസത്തെ പദ്ധതി ആനുകൂല്യം നൽകിയത്.