തിരുവനന്തപുരം: ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയർത്തി ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായ ജനങ്ങളെ മന്ത്രി എം ബി രാജേഷ് അഭിവാദ്യം ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് ഒരു കോടിയിലധികം പേരാണ് ഈ ശൃംഖലയുടെ ഭാഗമായി മാറിയത്. കേരളത്തിലെ എല്ലാ വാർഡിലും വിദ്യാലയങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.
സർക്കാരും വിദ്യാർഥികളും പൊതുജനങ്ങളും മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി കൈകോർത്തുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് ഒരു മാസക്കാലമായി സംസ്ഥാനത്ത് നടന്നിരുന്നത്. പരിപാടിക്ക് നേതൃത്വം നൽകിയ എക്‌സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാരെയും, വിദ്യാർഥികളെയും, അധ്യാപകരെയും, ജനപ്രതിനിധികളെയും, വ്യാപാരികളെയും, വിവിധ സംഘടനാ നേതാക്കളെയും മന്ത്രി അഭിനന്ദിച്ചു.
ഒക്ടോബർ ആറിനാണ് ലഹരിക്കെതിരെയുള്ള പ്രചരണങ്ങൾ കേരളത്തിൽ ആരംഭിച്ചത്. മാധ്യമസമൂഹത്തിൻറെ വലിയ പിന്തുണയും ഈ ക്യാമ്പയിന് ലഭിച്ചിരുന്നു. ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും നിരീക്ഷണവും എൻഫോഴ്‌സ്‌മെൻറ് നടപടികളും എക്‌സൈസും പൊലീസും ശക്തമാക്കിയിരുന്നു.മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമാണ് ഇന്ന് അവസാനിച്ചത്