സെക്രട്ടേറിയറ്റിലും കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു

Share

സംസ്ഥാനത്ത് സെക്രട്ടേറിയറ്റിലും കൊവിഡ് വ്യാപനം. ഇതേ തുടർന്ന് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളം തെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് ലൈബ്രറിയും അടച്ചു. 

സെക്രട്ടേറിയറ്റിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ട അവസ്ഥയാണുള്ളത്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചത്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വനം മന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം മൂന്ന് ദിവസം മുമ്പ് തന്നെ താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ വന്നത്. 

സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിലും നിരവധി പേർ കൊവിഡ് പോസിറ്റീവായി. ഇതിന് പിന്നാലെ ലൈബ്രറി അടച്ചു. വർക്ക് ഫ്രം ഹോം പുനരാരംഭിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.