കോന്നി മെഡിക്കൽ കോളേജ്: ഫോറൻസിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

Share

പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് ഫോറൻസിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 2.09 കോടി രൂപ ചെലവഴിച്ചുള്ള ഫോറൻസിക് ബ്ലോക്കിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫോറൻസിക് വിഭാഗത്തിന്റെ ഭാഗമായ മോർച്ചറി ബ്ലോക്കിൽ മജിസ്റ്റീരിയൽ, പോലീസ് ഇൻക്വസ്റ്റ് റൂമുകൾ, മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള 10 കോൾഡ് ചേമ്പർ, പോസ്റ്റ്മോർട്ടം ചെയ്യാനുള്ള 4 ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് സജ്ജമാക്കിയിരിക്കുന്നത്.

കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നാക്കി മാറ്റാനായി കോന്നി മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ കാലത്താണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭ്യമായി കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കിയത്. നിലവിൽ മൂന്ന് ബാച്ചുകളിലായി 300 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 2023 ഡിസംബറിൽ 38 തസ്തികകൾ കൂടി സൃഷ്ടിച്ചു. ഒന്നാം ഘട്ടത്തിൽ 167.33 കോടി രൂപ അനുവദിച്ച് 300 കിടക്കകളുള്ള ഹോസ്പിറ്റൽ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി.

പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബർ റൂം, വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഡീൻ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാർത്ഥ്യമാക്കി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാൻ സ്ഥാപിച്ചു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് 2 എന്നിവയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *