ഉത്പാദനമേഖലയിലെ സംരംഭകര്‍ക്കായി സാമ്പത്തിക സഹായ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം

Share

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,00,30,646 രൂപ വിതരണം ചെയ്തു

വ്യവസായ വാണിജ്യ വകുപ്പ് മുഖേന ഉത്പാദന മേഖലയിലുള്ള സംരംഭകര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് സംരംഭകത്വ സഹായ പദ്ധതി(ഇ.എസ്.എസ്). കേരളത്തിലെ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപകന്റെ വിഭാഗം, ഉത്പാദന മേഖല, സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല എന്നിവയനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ 15 മുതല്‍ 45 ശതമാനം വരെ യൂണിറ്റിന് സബ്സിഡി ലഭിക്കും. ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതിന് ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. ജില്ലയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 28 യൂണിറ്റുകള്‍ക്കായി 3,00,30,646 രൂപ പദ്ധതി മുഖേന നല്‍കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം 13 യൂണിറ്റുകള്‍ക്ക് 87,09,300 രൂപയുമാണ് നല്‍കിയിട്ടുള്ളത്.

നിക്ഷേപകര്‍ക്ക് സബ്‌സിഡി പദ്ധതി സവിശേഷത

യൂണിറ്റ് ആരംഭിക്കാനായി വാങ്ങുന്ന ഭൂമി, കെട്ടിടം, യന്ത്ര സാമഗ്രികള്‍, വൈദ്യുതീകരണം, അവശ്യ ഓഫീസ് ഉപകരണങ്ങള്‍, മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍, മറ്റ് സ്ഥിര ആസ്തികള്‍ എന്നിവയിലെ നിക്ഷേപത്തിന് സബ്സിഡി ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകന് സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനം പരമാവധി 30 ലക്ഷം രൂപ സഹായം ലഭിക്കും. യുവാക്കള്‍ (1845 വയസുള്ളവര്‍), വനിത, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗം, വിദേശ മലയാളികള്‍ എന്നിവര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനമായ പരമാവധി 40 ലക്ഷം രൂപ സഹായം ലഭിക്കും. മുന്‍ഗണനാ മേഖലയിലെ സംരംഭങ്ങള്‍ക്ക് 10 ശതമാനം, പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും. അംഗീകൃത ഗവേഷണ സ്ഥാപനങ്ങളില്‍നിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നവര്‍ക്ക് 10 ശതമാനമായ പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും. എല്ലാ ഇനങ്ങളിലുമായി ഒരു സംരംഭത്തിന് പരമാവധി സബ്സിഡി തുക 40 ലക്ഷം രൂപയാണ്.

മുന്‍ഗണനാ മേഖലകള്‍ ഇപ്രകാരം

റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, പാരമ്പര്യേതര ഊര്‍ജോത്പാദനത്തിന് വേണ്ടിയുള്ള യന്ത്ര സാമഗ്രികളുടെ നിര്‍മ്മാണം, ജൈവ സാങ്കേതിക വിദ്യാധിഷ്ഠിതമായ വ്യവസായങ്ങള്‍, കയറ്റുമതി യൂണിറ്റുകള്‍, ജൈവപരമായ വിഘടിക്കുന്ന പ്ലാസ്റ്റിക് വ്യവസായങ്ങള്‍, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ വ്യവസായങ്ങള്‍, ജൈവവള വ്യവസായങ്ങള്‍, ഔഷധ-ആരോഗ്യ പരിപാലന ഉത്പന്ന വ്യവസായങ്ങള്‍ എന്നിവയാണ് മുന്‍ഗണനാ മേഖലകളില്‍ ഉള്‍പ്പെടുന്നത്.

പദ്ധതിക്ക് അര്‍ഹമല്ലാത്ത സംരംഭങ്ങള്‍

സേവന സംരംഭങ്ങള്‍, ഫോട്ടോ സ്റ്റുഡിയോയും കളര്‍ പ്രോസസിങും റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണമല്ലാതെയുള്ള തയ്യല്‍ യൂണിറ്റുകള്‍, മദ്യനിര്‍മാണശാലകളും ഡിസ്റ്റിലറികളും, തടി മില്‍, സോപ്പിന്റെ ഗ്രേഡിലുള്ള സോഡിയം സിലിക്കേറ്റ്, ആസ്ബസ്റ്റോസ് സംസ്‌കരണം, ഗ്രാനൈറ്റ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള മെറ്റല്‍ ക്രഷറുകള്‍, സ്റ്റീല്‍ റീറോളിങ് മില്ലുകള്‍, ഇരുമ്പ്, കാത്സ്യം കാര്‍ബൈഡ് നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍, ഫ്ളെ ആഷില്‍നിന്നും സിമന്റ് നിര്‍മ്മിക്കുന്നവയൊഴികെ സിമന്റ് ഉത്പാദിപ്പിക്കുന്ന മറ്റ് യൂണിറ്റുകള്‍, പൊട്ടാസ്യം ക്ലോറേറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍, വന്‍ തോതില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന യൂണിറ്റുകള്‍ എന്നിവ പദ്ധതിക്ക് അര്‍ഹമല്ല.

സംരംഭക സഹായ പദ്ധതിക്ക് അപേക്ഷിക്കാവുന്ന ഘട്ടങ്ങള്‍

  1. പ്രാരംഭ സഹായം

ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍നിന്നും മൂലധന വായ്പയെടുത്തിട്ടുള്ള യൂണിറ്റുകള്‍ക്ക് അര്‍ഹമായ സബ്സിഡിയുടെ ഒരു ഭാഗം ഉത്പാദനം ആരംഭിക്കുന്നതിനു മുന്‍പായി ലഭിക്കണമെന്നുണ്ടെങ്കില്‍ പ്രാരംഭ സഹായത്തിന് അപേക്ഷിക്കാം. മൂലധന വായ്പ ലഭ്യമാകുന്ന മുറയ്ക്ക്, അര്‍ഹമായ സബ്സിഡിയുടെ 50 ശതമാനമായ പരമാവധി മൂന്ന് ലക്ഷം രൂപയാണ് പ്രാരംഭ സഹായമായി ലഭിക്കുക. ശേഷിക്കുന്ന സബ്സിഡിക്ക് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം അപേക്ഷ നല്‍കാം. പ്രാരംഭ സഹായം ആവശ്യമില്ലാത്ത യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ച ശേഷം മുഴുവന്‍ സബ്സിഡിക്കും അപേക്ഷ നല്‍കാം.

  1. നിക്ഷേപ സഹായം

യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ച ശേഷമാണ് നിക്ഷേപ സഹായം നല്‍കുന്നത്. നിക്ഷേപ സഹായത്തിന് അപേക്ഷിക്കാന്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പയെടുത്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനകം നിക്ഷേപ സഹായത്തിന് അപേക്ഷിച്ചിരിക്കണം. വിപുലീകരണം, വൈവിധ്യവത്ക്കരണം, ആധുനീകരണം എന്നിവ നടത്തുന്ന യൂണിറ്റുകള്‍ക്കും അപ്രകാരം അധികമായി നടത്തിയ മൂലധന നിക്ഷേപത്തിന് സഹായം ലഭിക്കും.

  1. സാങ്കേതിക വിദ്യാ സഹായം

അംഗീകൃത ഗവേഷണ സ്ഥാപനങ്ങളില്‍നിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കി ഉത്പാദനം നടത്തുന്ന യൂണിറ്റുകള്‍ക്ക് സാങ്കേതിക വിദ്യാ സഹായം ലഭിക്കും. സാങ്കേതിക വിദ്യ സ്വായത്തമാക്കി ആറ് മാസത്തിനകം അപേക്ഷിക്കണം. സാങ്കേതിക വിദ്യക്കും അനുബന്ധമായി സ്ഥാപിക്കുന്ന യന്ത്ര സാമഗ്രികള്‍ക്കും സഹായം ലഭിക്കും. https://ess.kerala.gov.in/login ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അനുബന്ധ രേഖകളും ഓണ്‍ലൈനായി നല്‍കാം. ഒരു യൂണിറ്റിന് 1105 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹമായ തുക അനുവദിക്കും. പ്രാരംഭ സഹായത്തിന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും നിക്ഷേപ സഹായത്തിന് ജില്ലാതല കമ്മിറ്റിയുമാണ് തുക അനുവദിക്കുന്നത്.
ജില്ലാ കലക്ടര്‍ (ചെയര്‍മാന്‍), ലീഡ് ഡിസ്ട്രിക്ട് മാനേജര്‍, ധനകാര്യ വകുപ്പ് പ്രതിനിധി, കെ.എഫ്.സിയുടെ ജില്ലാ മാനേജര്‍, കെ.എസ്.എസ്.ഐ.എ ജില്ലാ കമ്മിറ്റി പ്രതിനിധി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ (കണ്‍വീനര്‍) എന്നിവരടങ്ങുന്നതാണ് ജില്ലാ തല കമ്മിറ്റി. ജില്ലാ തല കമ്മിറ്റിയുടെ തീരുമാനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ സംസ്ഥാന തല കമ്മിറ്റിയെ സമീപിക്കാം.