കിസാൻ വികാസ് പത്ര: നിക്ഷേപ തുക ഇരട്ടിയാക്കുന്ന സർക്കാർ പിന്തുണ പദ്ധതി

Share

ന്യൂ ഡൽഹി: കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സാധാരണക്കാർക്കു വേണ്ടി രൂപകൽപ്പന ചെയ്ത നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. തപാൽ വകുപ്പിന്റെ കീഴിലുള്ള കിസാൻ വികാസ് പത്ര എന്ന ചെറു സമ്പാദ്യ പദ്ധതിയിൽ നിക്ഷേപ്പിക്കുന്ന പണം കാലാവധിക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കും. 124 മാസമാണ് പദ്ധതിയുടെ കാലാവധി (10 വർഷവും നാലു മാസവും).

1988-ൽ ആരംഭിച്ച കിസാൻ വികാസ് പത്ര പദ്ധതിയിൽ നിലവിൽ 6.9 ശതമാനം പലിശയാണ് ലഭ്യമാകുന്നത്. ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. ത്രൈമാസ അടിസ്ഥാനത്തിൽ സർക്കാർ പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കും.

തപാൽ വകുപ്പിന്റെ നിർദേശം അനുസരിച്ച് പ്രായപൂർത്തിയായവർക്ക് സിംഗിൾ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വേണ്ടി രക്ഷാകർത്താവിനും അക്കൗണ്ട് തുടങ്ങാവുന്നതാണ്. കാലാവധിക്ക് മുൻപായി അക്കൗണ്ട് ഉടമയുടെ മരണം , ജപ്തി സാദ്ധ്യതകൾ , കോടതി ഉത്തരവ് പ്രകാരവും കിസാൻ വികാസ് പത്ര അക്കൗണ്ടിൽ നിന്ന് നിക്ഷേപതുക പിൻവലിക്കാവുന്നതാണ്.