കേരള കോൺഗ്രസ് (എം) ഇടത് മുന്നണിയുടെ പുറമ്പോക്കിൽ!! തിരഞ്ഞെടുപ്പ് തോൽവിയിൽ പാലായിലും കടുത്തുരുത്തിയിലും നടപടിയില്ല

Share

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും കേരള കോൺഗ്രസ് മത്സരിച്ച പാലായിലും കടുത്തുരുത്തിയിലും യാതൊരു നടപടിയും എടുക്കാതെ സി.പി.എം. പാർട്ടി മത്സരിച്ച് വിജയിച്ച കുമരകത്ത് പോലും വീഴ്ച കണ്ടെത്തി നടപടിയെടുത്ത സി.പി.എം പാലായുടെയും കടുത്തുരുത്തിയുടെയും കാര്യത്തിൽ മൃദു സമീപനമാണ് സ്വീകരിക്കുന്നത്.

പാലായിലും കടുത്തുരുത്തിയിലും വീഴ്ച ഉണ്ടായതായി സമ്മതിക്കുന്ന സി.പി.എം, പക്ഷേ രണ്ടിടത്തും ആരെയും കുറ്റക്കാരായി കണ്ടെത്തുന്നുമില്ല. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കുമരകത്തായിരുന്നു സി.പി.എമ്മിന്റെ ആദ്യ അച്ചടക്ക നടപടി.

മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ അടക്കം ഒരു പിടി നേതാക്കളെ തിരഞ്ഞ് പിടിച്ച് പുറത്താക്കിയത് തിരഞ്ഞെടുപ്പിലെ വീഴ്ചയുടെ പേരിലായിരുന്നു. ഇതിന് പിന്നാലെ സലിമോൻ പാർട്ടി വിടുകയും ചെയ്തു.

കുമരകത്ത് സി.പി.എം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി വി.എൻ വാസവന് നല്ല ഭൂരിപക്ഷം ലഭിക്കുകയും പാർട്ടി ജയിക്കുകയും ചെയ്തിരുന്നു. എന്നിട്ട് പോലും നേതാക്കൾക്ക് എതിരെ സി.പി.എം നടപടി എടുക്കുകയായിരുന്നു.

സമ്മേളന കാലത്താണ് സി.പി.എം ഇത്തരത്തിൽ നടപടി എടുത്തതെന്നും ശ്രദ്ധേയമാണ്. കോട്ടയം ഈരാറ്റുപേട്ടയിലാണ് സി.പി.എമ്മിൽ ഏറ്റവും ഒടുവിൽ അച്ചടക്ക നടപടി ഉണ്ടായത്. ലോക്കൽ സെക്രട്ടറി അടക്കം എട്ടുപേരെയാണ് പാർട്ടി തരം താഴ്ത്തിയത്. പ്രാദേശികമായ വിഭാഗീയതയുടെ പേരിലാണ് പാർട്ടിയിൽ അച്ചടക്കനടപടി ഉണ്ടായത്.

ലോക്കൽ സെക്രട്ടറിയും, ഏരിയാകമ്മിറ്റി അംഗവും ഉൾപ്പെടെ എട്ടുപേരെ തരംതാഴ്ത്തി. കടുത്ത വിഭാഗീയതയെ തുടർന്ന് പാർട്ടി ലോക്കൽ സമ്മേളനം നിർത്തിവച്ചിരുന്നു. പാലാ , പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയെങ്കിലും ഈ ഫലങ്ങളുടെ പേരിൽ ആർക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടില്ല.

പാലായിൽ ജോസ് കെ മാണിയുടെ തോൽവിയിൽ സി.പി.എമ്മിൽ അച്ചടക്ക നടപടി ഇല്ല. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ആരെയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല.

എതിരാളികളുടെ പ്രചരണങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ ആയില്ലന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അച്ചടക്ക നടപടി എടുക്കേണ്ട തരത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

കേരള കോൺഗ്രസിന് തോൽവി ഉണ്ടായ കടുത്തുരുത്തിയിലും സി.പി.എമ്മിൽ നടപടി ഇല്ല. ഇവിടെയും പ്രശ്നം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പാലായിലും കടുത്തുരുത്തിയിലും ഉണ്ടായത് കരുതിക്കുട്ടിയുള്ള തോൽവിയാണോ എന്ന ആശങ്കയാണ് കേരള കോൺഗ്രസിലെ ഒരു വിഭാഗം പങ്ക് വയ്ക്കുന്നത്.

രണ്ടിടത്തും പാർട്ടി അന്വേഷണത്തിൽ പോലും വീഴ്ചകൾ കണ്ടെത്താത്തത് സ്വാഭാവികമാണ് എന്ന് കരുതാനാവില്ലെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ കരുതുന്നു.