കേരള അഗ്രോ ബിസിനസ് കമ്പനി (KABCO) ഉടൻ യാഥാർത്ഥ്യത്തിലേക്ക് :കൃഷിമന്ത്രി പി. പ്രസാദ്

Share

സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. കൃഷിമന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്‌കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡലായാണ് കാബ്‌കോ രൂപീകരിക്കുക. കൂടാതെ അഗ്രോ പാർക്കുകളുടെ നടത്തിപ്പിനും കർഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്ന ഒരു സ്വതന്ത്ര കമ്പനി ആയിട്ടായിരിക്കും കാബ്കോ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്റെ കാർഷിക ഉത്പ്പന്നങ്ങളെ അവയുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങിൽ കൊണ്ടു വരുന്നതും കമ്പനിയുടെ ലക്ഷ്യമായിരിക്കും. മൂല്യ വർദ്ധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏജൻസിയായി കാബ്‌കോ പ്രവർത്തിക്കും. ദേശീയ അന്തർ ദേശീയ കയറ്റുമതി, വിപണന പ്രവർത്തനങ്ങളിൽ കേരളത്തിലെ കർഷകരെ കമ്പനി പ്രാപ്തരാക്കും.

സംസ്ഥാന സർക്കാരിന്റെ 33 ശതമാനം ഓഹരി വിഹിതവും കർഷകരുടെ 24 ശതമാനം ഓഹരി വിഹിതവും, കർഷക കൂട്ടായ്മകൾ കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25 ശതമാനം ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും പ്രാഥമിക കാർഷിക സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും നിജപ്പെടുത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(CIAL) കമ്പനി മാതൃകയിൽ കാബ്കോ പ്രവർത്തിക്കും.