ചികിത്സ മുടങ്ങി, വിവാഹം മാറ്റി; ദുരിതക്കയത്തില്‍നിന്ന് കരകയറാനാകാതെ കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ

Share

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ നിയമനടപടികൾ തുടരുമ്പോഴും 12,000ലധികം വരുന്ന നിക്ഷേപകരുടെ പരാധീനതകൾ ഒഴിയുന്നില്ല. ആയിരങ്ങളും ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവർക്ക് പ്രതിമാസം പരമാവധി കിട്ടുന്ന 5,000 രൂപയ്ക്കായുള്ള കാത്തിരിപ്പും വരിനിൽപ്പും തുടരുന്നു. ചികിത്സ മുടങ്ങി, വിവാഹം മാറ്റി, ഉന്നത വിദ്യാഭ്യാസത്തിന് പോകാനാകാതെ, വീടുനിർമാണം നടക്കാതെ നൂറുകണക്കിന് നിക്ഷേപകരാണ് ദുരിതമനുഭവിക്കുന്നത്.


തട്ടിപ്പുനടന്നതിന് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ജൂലായ് 14-ന്. ജൂലായ് 20-ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജൂലായ് 22-ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റു. ആദ്യം പ്രതിചേർത്ത ആറുപേരിൽ ഒരാളെ ഒാഗസ്റ്റ് 9-ന് അറസ്റ്റുചെയ്തു. പിന്നീട് എല്ലാ പ്രതികളെയും പിടികൂടി.

കേസുമായി ബന്ധപ്പെട്ട് 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് ഒാഗസ്റ്റ് പത്തിന്. 12 ഭരണസമിതിയംഗങ്ങളെ പ്രതിചേർത്തത് സെപ്റ്റംബർ രണ്ടിന്. ഭരണസമിതിയംഗങ്ങളിൽ രണ്ടുപേരെ ഒഴികെ എല്ലാവരും ഇപ്പോൾ അറസ്റ്റിൽ.

ബാങ്കിന് എന്ത് ചെയ്യാനാകും

  • പ്രത്യേക ക്രമീകരണമൊരുക്കി കുടിശ്ശികപിരിവ് ഉൗർജിതമാക്കി ആവശ്യക്കാർക്ക് കൂടുതൽ തുക നൽകാനാകും.
  • പ്രതികളുടെ മേൽ ചുമത്തിയ കുറ്റങ്ങളിൽ അഴിമതിതടയൽ നിയമപ്രകാരവും വകുപ്പ് ചുമത്താനായി കോടതിയെ സമീപിക്കാം.
  • അഴിമതിതടയൽ നിയമപ്രകാരവും വകുപ്പു ചുമത്തിയാൽ പ്രതികളുടെ സ്വത്ത് മറ്റാർക്കും വിൽക്കാനാകാത്ത വിധം മരവിപ്പിക്കാം.
  • ബാങ്കിന് സ്വന്തമായുള്ള ആസ്തി വിറ്റഴിച്ച് നിക്ഷേപകരെ സഹായിക്കാം.
  • നിക്ഷേപകരുടെ താത്പര്യ സംരക്ഷണത്തിനായി തട്ടിപ്പുകാരുടെ ആസ്തിയിന്മേൽ സിവിൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.
  • ബാങ്ക് പ്രതിസന്ധിയിലായതിനാൽ വായ്പ തിരിച്ചടയ്ക്കേണ്ടതില്ലെന്ന രീതിയിൽ രാഷ്ട്രീയപാർട്ടികൾ അണികൾക്ക് നിർദേശം നൽകുന്നുണ്ട്. ഇതിനെതിരേ കോടതിയെ സമീപിക്കാം.
  • കാലങ്ങളായുള്ള കുടിശിക നിവാരണത്തിന് ജപ്തിനടപടി സ്വീകരിക്കാം.
  • ബാങ്കിന് മറ്റ് ബാങ്കുകളിലുള്ള നിക്ഷേപം പിൻവലിച്ച് ആവശ്യക്കാർക്ക് കൂടുതൽ തുക നൽകി സഹായിക്കാം.
  • തട്ടിപ്പിലൂടെ ആർജിച്ച പ്രതികളുടെ സ്വത്തോ മറ്റ് വസ്തുക്കളോ ഉടൻ വിറ്റഴിക്കാനുള്ള അനുമതിതേടി കോടതിയ സമീപിക്കാം. സർക്കാറിന് എന്ത് ചെയ്യാനാകും
  • പ്രതിസന്ധി തരണം ചെയ്യാനുതകുംവിധം പാക്കേജ് പ്രഖ്യാപിക്കാം.
  • തട്ടിപ്പുകാർക്കുനേരെ സിവിൽ നടപടിക്കായി കോടതിയെ സമീപിക്കാം.
  • താത്കാലിക ആശ്വാസത്തിനായി വർക്കിങ് ക്യാപ്പിറ്റൽ ഇനത്തിൽ തുക നൽകി സഹായിക്കാം.
  • ബാങ്കിന് റിക്കവറിയിലൂടെ കിട്ടുന്ന തുക സർക്കാറിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാൻ സ്പെഷ്യൽ ഒാഫീസറെ നിയോഗിക്കാം.
  • സഹകരണവകുപ്പിൽ പൂർണ അധികാരം നൽകി സംസ്ഥാനതല റിക്കവറി സെൽ ആരംഭിക്കാം.

കരുവന്നൂർ ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ

മൊത്തം വായ്പ-405.25 കോടി
മൊത്തം നിക്ഷേപം-350.70 കോടി
വായ്പാ കുടിശിക-76.64 കോടി
വായ്പാ പലിശ കിട്ടാനുള്ളത്-56.33 കോടി
വായ്പാ പലിശ കാലാവധി കഴിഞ്ഞിട്ടും കിട്ടാനുള്ളത്-51.59 കോടി.
സർക്കാറിൽനിന്ന് വായ്പയെടുത്തത്-2.71 കോടി
കേരള ബാങ്കിൽനിന്ന് വായ്പയെടുത്തത്-36.92 കോടി.