ആലപ്പുഴ: കിഫ്ബി വഴി 38.22 കോടി ചെലഴിവഴിച്ച് പുതുതായി നിര്‍മിക്കുന്ന കല്ലുമല റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണത്തിനായി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നത് എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
നിര്‍മാണത്തിന് മുന്നോടിയായി റവന്യു വകുപ്പും ആര്‍.ബി.ഡി.സി.കെ.(റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള) യും വരും ദിവസങ്ങളില്‍ സംയുക്തമായി പരിശോധന നടത്തും. സാമൂഹികാഘാത പഠനത്തിന് ഏജന്‍സിയെ ചുമതലപ്പെടുത്തല്‍, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കല്‍, ഭൂമി ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കല്‍, പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിക്കല്‍ എന്നിവയും ഉടന്‍ നടക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്ക് സമീപം വെള്ളൂര്‍കുളം മുതല്‍ ഗേറ്റിന് കിഴക്ക് ബിഷപ് മൂര്‍ കോളേജ് ഹോസ്റ്റലിന് മുന്നില്‍ വരെ 500 മീറ്റര്‍ നീളത്തിലും 10.20 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മാണം. 1.50 മീറ്റര്‍ വീതിയില്‍ ഒരു വശത്ത് നടപ്പാതയുണ്ടാവും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാവും പാലത്തിന്റെ ഉയരം. 125 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടി വരും. പദ്ധതി 2018-19 ലെ ബജറ്റിലാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് പാലം നിര്‍മാണത്തിന് തുക അനുവദിച്ചു. ആര്‍.ബി.ഡി.സി.കെ. തയ്യാറാക്കിയ പദ്ധതിക്കാണ് കിഫ്ബി ഗവേണിങ് ബോഡി അന്തിമാനുമതി നല്‍കിയത്. മുഴുവന്‍ പണവും സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും മുടക്കും.