കലശമല ഇക്കോ ടൂറിസം: പുതുക്കിയ ഭരണാനുമതി പരിഗണനയിലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

Share

കുന്നംകുളം മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ കലശമല ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തീകരണത്തിന് പുതുക്കിയ ഭരണാനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കലശമല ഇക്കോ ടൂറിസം രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് എ.സി മൊയ്തീന്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കലശമലയിലെ വിനോദ സഞ്ചാര വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറലിനെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. പദ്ധതിക്കുള്ള കണ്ടിജന്‍സി ചാര്‍ജ്ജായി 50 ലക്ഷം രൂപ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറലിന് കൈമാറുകയും അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

കലശമല വികസനത്തിനായി വിവിധ സര്‍വ്വെ നമ്പറുകളിലുള്‍പ്പെട്ട 4.8351 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 11.74 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമേ കണ്ടിജന്‍സി ചാര്‍ജ്ജായി 50 ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. ഇത്തരത്തില്‍ കലശമല വിനോദ സഞ്ചാര പദ്ധതി വികസനത്തിന് 12.24 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിടുള്ളത്. നിലവില്‍ ലഭ്യമായ 10 കോടി രൂപയുടെ ഭരണാനുമതിയില്‍ നിന്നും പുതുക്കിയ ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ വിനോദസഞ്ചാര വകുപ്പ് ആംരഭിച്ചിട്ടുണ്ട്.