സംയോജിത വിളവെടുപ്പാനന്തര പരിപാലനം: വിവിധ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

എറണാകുളം : സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിൽ വിവിധ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തികൾ, കർഷക കൂട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്റ്റേഡ് സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ, ട്രസ്റ്റുകൾ, വനിതാ കർഷക സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയ്ക്ക് ധനസഹായത്തിനാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

പാക്ക് ഹൗസുകൾ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപയും, കൺവെയർ ബെൽറ്റ്, തരം തിരിക്കൽ, ഗ്രേഡിംഗ്, കഴുകൽ, ഉണക്കൽ എന്നീ സംവിധാനങ്ങളോട് കൂടിയ സംയോജിത പാക്ക് ഹൗസ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 25 ലക്ഷം രൂപയും, പ്രീ – കൂളിംഗ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ
12.5 ലക്ഷം രൂപയും, ശീതീകരണ മുറികൾക്ക് യൂണിറ്റ് ഒന്നിന് സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും, കോൾഡ് സ്റ്റോറേജുകൾക്ക് സമതല പ്രദേശങ്ങളിൽ മെട്രിക് ടണ്ണിന് 2800 രൂപയും, മലയോരങ്ങളിൽ 4000 രൂപയും ധനസഹായമായി നൽകും.

ഒരു ഹെക്ടർ വരെയുള്ള നഴ്സറികൾ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും കൂൺ കൃഷിക്ക് എട്ട് ലക്ഷം രൂപയും ഉൽപാദനത്തിന് ആറ് ലക്ഷവും അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്), പ്രിൻസിപ്പൽ കൃഷി ഓഫീസ്, എറണാകുളം എന്ന വിലാസത്തിലോ 9383471153, 0484 2422224 എന്ന നമ്പറിലോ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാം.