ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരം ഉള്ളതെന്ന് കേന്ദ്ര സർട്ടിഫിക്കറ്റ്

Share

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും പരിശോധനയ്‌ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരം ഉള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സർട്ടിഫിക്കറ്റ്.പരിശോധനയിൽ ഇമ്മ്യൂണോഗ്ലോബുലിൻ സ്റ്റാൻഡേർഡ് ക്വാളിറ്റി ആണെന്നും ഇവ രോഗാണുക്കളെ ചെറുക്കുന്നതിന് പ്രാപ്തിയുള്ളതാണെന്നുമാണ് സർട്ടിഫൈ ചെയ്തിരിക്കുന്നത്. കൂടാതെ വാക്‌സിന്റെ പ്രവർത്തനഫലം ഉടൻ ലാഭമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിലവിൽ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച വാക്‌സിനും സെറവുമാണ് തെരുവുനായകളിൽ നിന്ന് കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും മരണമടഞ്ഞ അഞ്ച് പേർക്കും നൽകിയത്. വാക്‌സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്ക പരിഹരിക്കാൻ കൂടിയാണ് രണ്ട് ബാച്ച് നമ്പരിലുള്ള ഇമ്മ്യൂണോഗ്ലോബുലിൻ പരിശോധനയ്‌ക്കായി കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയിൽ നേരിട്ടയച്ചത്.

വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഗുണനിലവാര പരിശോധന നടത്തിയത്. സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടർക്കഥയായതോടെയാണ് വാക്‌സിന്റെ ഗുണനിലവാരവും ചർച്ചയായത്.