എറണാകുളം: ശുചിത്വത്തിനായി പോരാടുന്ന കേരളത്തിന്റെ സൈന്യമാണ് ഹരിത കര്‍മ്മസേനയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് . ഏലൂര്‍ പാതാളം നഗരസഭാ ടൗണ്‍ ഹാളില്‍ ജില്ലാതല ഹരിത കര്‍മ്മസേനാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നാലുവര്‍ഷത്തിനകം പൂര്‍ണ്ണമാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിൽ ഹരിത കര്‍മസേന വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഈ സേനയ്ക്ക് പൂര്‍ണ്ണമായ പിന്തുണ എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുമെന്ന് മന്ത്രി കൂട്ടിട്ടിച്ചേർത്തു. കൂടാതെ കർമ്മസേനയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യം ശേഖരിക്കുന്നതിനു സേന സമീപിക്കുമ്പോള്‍ ഫീസ് കൊടുക്കാന്‍ വിമുഖത, മോശമായി പെരുമാറുന്ന സ്ഥിതി എന്നിവ ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ നിയോഗിച്ചതനുസരിച്ചാണ് സേനാംഗങ്ങള്‍ എത്തുന്നതെന്നും അവരുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.