ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ചെല്ലാനം സബ് ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെല്ലാനത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാണ് ഫിഷിങ് ഹാർബറെന്ന് കെ.ജെ മാക്സി എം.എൽ.എ. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ചെല്ലാനം സബ് ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെല്ലാനം ഫിഷിങ് ഹാർബർ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഡിപിആര്‍ സ്കീമിൽ 500 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതിൻ പ്രകാരം 120 മീറ്റർ വീതമുള്ള രണ്ട് പുലിമുട്ടുകൾ 543.36 ലക്ഷം രൂപ ചിലവിൽ പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി 2990 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും 30 മീറ്റർ വടക്കേ പുലിമുട്ട് 450 മീറ്റർ തെക്കേ പുലിമുട്ട് എന്നിവ പൂർത്തിയാക്കുകയും ചെയ്തു. ടോയ്‌ലറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയയുടെ ഒന്നാം ഘട്ടം എന്നീ പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്.
ഹാർബറിന്റെ മൂന്നാംഘട്ട വികസനത്തിനായി 50 മീറ്റർ ലേലപ്പുര, 50 മീറ്റർ ലോ ലെവൽ ജെട്ടി, നെറ്റ് മെൻഡിങ് ഷെഡ്, കാന്റീൻ, 5 ലോക്കർ റൂം, 5 കടമുറികൾ, 10 റൂമുകൾ, ഓവർ ഹെഡ് ടാങ്ക്, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് എന്നിവ നിർമ്മിക്കുന്നതിനായി 13.43 കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുത്തിയാണ് ചെല്ലാനം ഫിഷിങ് ഹാർബറിന്റെ വികസന പ്രവർത്തനങ്ങൾക്കും നടത്തിപ്പിനും മേൽനോട്ടത്തിനുമായി രൂപീകരിച്ച ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ചെല്ലാനം സബ് ഡിവിഷൻ ഓഫീസ് നിർമ്മാണം പൂർത്തീകരിച്ചത്.