തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വനിതകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് കുടുബശ്രീ മാതൃകയിൽ വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷിക്കാരായ വനിതകളെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തേണ്ടതു സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ ‘ഭിന്നശേഷി സ്ത്രീകളുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാർക്കു സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനു നിലനിൽക്കുന്ന തടസങ്ങൾ പൂർണമായി ഇല്ലാതാക്കണമെന്നു മന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ‘ബാരിയർ ഫ്രീ കേരളം’ യാഥാർഥ്യമാക്കാൻ സർക്കാർ പരിശ്രമിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ വ്യവഹാര മേഖലകളിലും ആത്മവിശ്വാസത്തോടെ കടന്നുവരാൻ ഭിന്നശേഷിക്കാർക്കു കഴിയണം. പൊതു ഇടങ്ങളിലും കലാലയങ്ങളിലും യാത്രാ സംവിധാനങ്ങളിലുമെല്ലാം യാതൊരു വേർതിരിവോ തടസമോ ഇല്ലാതെ ഇവർക്ക് ഇടപഴകാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വനിതകൾ ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങൾക്ക് ഇരയാകാറുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പലപ്പോഴും ഇതിനെതിരേ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാതെ നിശബ്ദരായിരിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഇതിനെതിരായ നിയമ നിർമാണം ശക്തിപ്പെടുത്തണം. നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തത വലിയ നിലയിൽ ചൂണ്ടിക്കാണിച്ചു മുന്നോട്ടുപോകണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 2016ലെ റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും ഭിന്നശേഷിക്കാർക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പോരായ്മകൾ പരിഹരിക്കുകയും വേണം.