വിവാഹ വീട്ടിലെ ഭക്ഷ്യവിഷബാധ ; നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

Share

നരിക്കുനിയിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവാഹ സൽക്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണം ചെയ്ത സ്ഥാപനങ്ങളിൽ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു.

വധൂഗൃഹത്തിലും വരന്റെ ഗൃഹത്തിലും വെവ്വേറെ വിരുന്നുകളാണ് നടന്നത്. വരന്റെ ഗൃഹത്തിൽ രാത്രി ഏഴ് മണിയോടെ നടന്ന വിരുന്നിൽ മന്തി, മയോണിസ്, ചിക്കൻ എന്നിവ വിതരണം ചെയ്ത ഫാസ്റ്റ് ബർഗർ എന്ന കാറ്ററിങ് യൂണിറ്റിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനവുമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്തി. സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ ചെയ്തു.

വരന്റെ ഗൃഹത്തിൽ നിന്നും കാറ്ററിങ് യൂണിറ്റിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. വധുഗൃഹത്തിൽ പാചകക്കാരൻ മുഖാന്തരം വീട്ടിൽ തന്നെ തയ്യാറാക്കിയ മന്തി കഴിച്ച് ആർക്കും തന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. ലൈംജ്യൂസ് തയ്യാറാക്കി നൽകിയിരുന്ന വെള്ളത്തിൻറെ സാമ്പിൾ റീജണൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഉച്ചക്ക് വിരുന്നിൽ പങ്കെടുത്ത വനിതകൾക്കായി നൽകിയ ഫുഡ് പാക്കറ്റിനകത്ത് ചിക്കൻ റോൾ, കേക്ക്, മധുരം എന്നിവ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ച പലരും ഭക്ഷ്യവിഷബാധ നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേക്ക് തയ്യാറാക്കിയ നവീൻ ബേക്കറി എന്ന സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

ചിക്കൻ റോൾ തയ്യാറാക്കിയ സ്ഥാപനത്തിൽ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ഒന്നുംതന്നെ പരിശോധനയ്ക്കായി ലഭ്യമായിട്ടില്ല. ഭക്ഷ്യവിഷബാധയേറ്റ പലരും കുഞ്ഞുങ്ങൾ ആയതിനാൽ ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ഏഴു വയസ്സിനു മുകളിലുള്ള കുട്ടികളുടെ മൊഴികൾ മാത്രമാണ് കൃത്യമായിട്ടുള്ളത്. എല്ലാ ഭക്ഷണവും കഴിച്ചിട്ടും യാതൊരു കുഴപ്പമില്ലാത്ത കുട്ടികളും മന്തിയും പായ്ക്കറ്റ് ഭക്ഷണവും കഴിച്ച് രോഗാവസ്ഥയിൽ എത്തിയവരും ഉണ്ട്.

ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വയറു വേദന, വയറിളക്കം, പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാംപിളുകൾ തുടർ പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയച്ചു. ആവർത്തിച്ചുവരുന്ന ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ജില്ലയിൽ കാറ്ററിംഗ് യൂണിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുവിന്റെ സാമ്പിളുകൾ സീൽ ചെയ്ത പാക്കറ്റിൽ ഫ്രീസറിൽ രണ്ട് ദിവസങ്ങൾ എങ്കിലും സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ പരിശോധനക്കായി ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ   എം.ടി. ബേബിച്ചൻ അറിയിച്ചു. ജില്ലയിലെ എല്ലാ കാറ്ററിംഗ് യുണിറ്റകളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.