തിരുവനന്തപുരം ജില്ലയിലെ അഞ്ച് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് പദവിയിലേക്ക്. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ അയിരൂപ്പാറ, ഉളിയാഴ്ത്തുറ, കോവളം നിയോജക മണ്ഡലത്തിലെ വെങ്ങാനൂര്‍, വാമനപുരം നിയോജക മണ്ഡലത്തിലെ നെല്ലനാട്, വാമനപുരം എന്നീ വില്ലേജുകളില്‍ നിര്‍മാണം പൂര്‍ത്തിയായ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് പൗഡിക്കോണം ഉളിയാഴ്ത്തുറ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. 47,56,825 രൂപ ചെലവഴിച്ചാണ് ഉളിയാഴ്ത്തുറയില്‍ പൊതുമരാമത്ത് വകുപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കായി അഞ്ചുലക്ഷം രൂപയും ചെലവായി. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 42,45,000 രൂപ ചെലവിട്ട് നിര്‍മിച്ച അയിരൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 11.30ന് നടക്കും. കാട്ടായിക്കോണം അയിരൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി എന്നിവര്‍ ഇരുചടങ്ങുകളിലും മുഖ്യാതിഥികളാകും.
രാവിലെ 10.30ന് വെങ്ങാനൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നടക്കും. എം.വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനാകും. 44 ലക്ഷം രൂപ ചെലവഴിച്ചാണ് വെങ്ങാനൂരില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സ്ഥാപിച്ചത്. വാമനാപുരം – നെല്ലനാട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് വാമനാപുരം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നടക്കും. ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രകാരം 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വാമനാപുരം, നെല്ലനാട് വില്ലേജ് ഓഫീസുകള്‍ നിര്‍മിച്ചത്.
ജില്ലയിലെ 124 വില്ലേജുകളില്‍ 76 എണ്ണം സ്മാര്‍ട്ട് വില്ലേജുകളായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 51 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. 20 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. വിവിധ സേവനങ്ങള്‍ക്കായി വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് തടസമില്ലാതെയും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നത്. ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പു കേന്ദ്രം, ഇരിപ്പിട-കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ആധുനിക രീതിയില്‍ പണികഴിപ്പിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.