ടൈപ്പ് വൺ പ്രമേഹമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ മണിക്കൂറിൽ ഇരുപത് മിനിട്ട് വീതം അധികസമയം : ഡോ. ആർ ബിന്ദു

Share

ടൈപ്പ് വൺ പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപത് മിനിട്ട് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ പരിഹാരസമയം ലഭിക്കും.

സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും പരീക്ഷാസമയത്തിൽ ഇളവ് നൽകുക. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളണമെന്ന് മന്ത്രി അറിയിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐഎച്ച്ആർഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.