പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവനെ ഇ.ഡി അറസ്റ്റ് ചെയ്തു; എട്ട് കോടി രൂപയും പിടിച്ചെടുത്തു

Share

ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തിരവനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഭൂപേന്ദ്ര സിങ് ഹണിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. 

ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഹണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ നടത്തിയ പരിശോധനകളില്‍ എട്ട് കോടി രൂപയും ഹണിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അനധികൃത മണല്‍ ഖനനം സംബന്ധിച്ച രേഖകളും വസ്തുവകകള്‍ കൈമാറ്റം ചെയ്തതിന്റെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.

ഇത് കൂടാതെ മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, 12 ലക്ഷത്തിന്റെ റോളക്‌സ് വാച്ച് തുടങ്ങിയവയും പിടിച്ചെടുത്തു. പഞ്ചാബില്‍ 117 അംഗ സംസ്ഥാന നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. മാര്‍ച്ച് 10ന് ഫലപ്രഖ്യാപനം നടക്കും.