സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികൾക്ക് ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണം: വീണാ ജോർജ്

Share

തിരുവനന്തപുരം: കുട്ടികൾക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുതിർന്നവർക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാൽ കുട്ടികളുടെ ഭാവി കൂടി മുന്നിൽ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ നൽകണം. കൂടുതൽ വിദ്യാർത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് ശ്രമിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ലഹരിവിമുക്ത കേരളം പ്രചാരണ കർമ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർ, മേൽവിലാസം എന്നിവ പ്രദർശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണം.

ഫുട്ബോളിലൂടെ മയക്കു മരുന്നിനെതിരെയുള്ള സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കണം. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. ആശയ വിനിമയത്തിനുള്ള ഇടം ഒരുക്കണം. വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കണം. വിദ്യാലയങ്ങൾ, എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി വിദ്യാലയ സന്ദർശനവും ചർച്ചകളും നടത്തണം. പി.ടി.എകളെ കൂടി ഇതിൽ ഉൾപ്പെടുത്തണം.