അന്ധവിശ്വാസവും ലഹരി ഉപയോഗവും തുടച്ചുനീക്കാൻ നിരന്തര ബോധവത്ക്കരണം തുടരും: മന്ത്രി വി.എൻ വാസവൻ

Share

തിരുവനന്തപുരം: സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ നിരന്തരമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ . സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന ആശയപ്രചാരണ- ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് പോലുള്ള ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ലഹരി വിതരണ ശൃംഖലളിൽ കണ്ണികളാകുകയും ചെയ്യുന്നത് ദൂരവ്യാപകമായ ഭവിഷത്തുകൾക്ക് വഴിവെക്കും. നിയമം കൊണ്ട് നിയന്ത്രിക്കുന്നതിനൊപ്പം നിരന്തരമായ അവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ മാത്രമേ ശാശ്വതമായ ഫലം ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കലാകാരൻമാർ ഉൾപ്പെടെ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ സാധിക്കുന്ന വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയ ബോധവത്ക്കരണവും പ്രചാരണവും കാര്യക്ഷമമായ രീതിയിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും സമൂഹത്തെ ബാധിച്ച വൈകൃതങ്ങളിൽ ഒന്നാണ്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും പുതുതലമുറയെ നേർവഴിയിലൂടെ നയിക്കാനും സാധിക്കുന്നതാകും ആശയപ്രചാരണ – ബോധവത്കരണ പരിപാടിയെന്നും മന്ത്രി വ്യക്തമാക്കി.