കോവിഡ് തരംഗത്തിൽ മെഗാ തിരുവാതിരയും,പിണറായി സ്തുതിയും; സിപിഎമ്മിനെതിരെ വിമർശനം രൂക്ഷം | CPM KERALA | PINARAYI VIJAYAN

Share

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ അരുംകൊലയില്‍ കേരളം നടുങ്ങിയിരിക്കുന്നതിനിടെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ മെ​ഗാ തിരുവാതിര നടത്തിയത് വലിയ വിവാദമായിരിക്കുകയാണ്.

ഇപ്പോള്‍ ചര്‍ച്ചയാവുന്നത് തിരുവാതിരയിലെ പിണറായി സ്തുതിയാണ്. മുഖ്യമന്ത്രി പിണറായി വിജയനേയും പാര്‍ട്ടിയേയും സ്തുതിച്ചുകൊണ്ടുള്ള വരികള്‍ക്കൊപ്പമായിരുന്നു തിരുവാതിര.

തിരുവാതിരയിലെ വരികള്‍ ഇങ്ങനെ ആയിരുന്നു…

”പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്ബാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി.
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങള്‍.
ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ
എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്”

വിമര്‍ശനം രൂക്ഷം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെ​ഗാ തിരുവാതിര അരങ്ങേറിയത്. കേരളത്തിലെ പ്രളയവും കിറ്റ് വിതരണം ഉള്‍പ്പടെയുള്ള വിഷങ്ങള്‍ തിരുവാതിരയിലുണ്ട്. കൂടാതെ ഇഎംഎസ്., എകെജി., ഇകെ. നായനാര്‍, വിഎസ് അച്യുതാനനന്ദന്‍ തുടങ്ങിയ നേതാക്കളുടെ പേരുകളും പാട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് തിരുവാതിര.

കുത്തേറ്റുമരിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം തന്നെ തിരുവാതിര നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് 550-ഓളം പേരെ അണിനിരത്തിക്കൊണ്ടായിരുന്നു തിരുവാതിര. പിബി അംഗം എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആര്‍. സലൂജയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശ്ശാല ഏരിയാകമ്മിറ്റിയാണ് തിരുവാതിരക്കളി അവതരിപ്പിച്ചത്. സംഭവം വിവാദമായതോടൊ പൊലീസ് കേസെടുത്തു.