കോവിഡ് മാരക രോഗമല്ല, പ്രഖ്യാപിച്ച് ഡെൻമാർക്ക്: നിയന്ത്രണങ്ങളിൽ ഇളവ്

Share

ഡെൻമാർക്ക്∙ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയാൻ തീരുമാനിച്ച് സ്കാൻഡിനേവിയൻ രാജ്യമായ ഡെൻമാർക്ക്. കോവിഡ് ഒരു മാരക രോഗമല്ലെന്നാണ് ഡെൻമാർക്കിന്റെ വാദം. രാജ്യത്ത് ഒമിക്രോൺ വകഭേദം കുതിച്ചുയരുമ്പോഴും ഉയർന്ന വാക്സിനേഷൻ നിരക്ക് ഉണ്ട് എന്നതാണ് നീക്കത്തിന് കാരണമായി അധികൃതർ പറയുന്നത്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ, നിയന്ത്രണങ്ങളോട് പൂർണമായും യാത്ര പറയാൻ സമയമായിട്ടില്ലെന്നും പുതിയ വൈറസ് ബാധ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ഡെൻമാർക്ക് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുകയാണെന്ന് ബ്രിട്ടൺ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഫിൻലൻഡ്, അയർലൻഡ്, സെർബിയ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു നൽകിയിരുന്നു.

എന്നാൽ, കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). യഥാർഥ ഒമിക്രോണിനേക്കാൾ അതിവേഗത്തിൽ പടരുന്ന ഈ ഉപവകഭേദം നിലവിൽ 57 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.