ഡി.സി.സി പുനഃസംഘടന: അഞ്ച് വര്‍ഷം ഭാരവാഹിയായിരുന്നവര്‍ക്ക് പുനര്‍നിയമനമില്ല; കരട് മാനദണ്ഡങ്ങള്‍ ഇങ്ങനെ..

Share

തിരുവനന്തപുരം: ഡി.സി.സിയില്‍ അഞ്ച് വര്‍ഷം ഭാരവാഹിയായിരുന്നവര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് പുനഃസംഘടന സംബന്ധിച്ച കരട് മാനദണ്ഡത്തില്‍ നിര്‍ദ്ദേശം. തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാര്‍, ഉപാദ്ധ്യക്ഷന്മാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവരെയും ഭാരവാഹികളാക്കില്ല.

കരട് മാനദണ്ഡങ്ങള്‍ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും നിയമനത്തിനായി കെ.പി.സി.സി മുന്നോട്ടുവച്ചു. മുന്‍നിര നേതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷം ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും.

തുടര്‍ന്ന് രണ്ട് ദിവസത്തിനകം മാനദണ്ഡം അന്തിമമാക്കും. അതിനുശേഷം ഡി.സി.സികളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍സെക്രട്ടറിമാര്‍ അതത് ജില്ലകളിലെത്തി ഡി.സി.സി അദ്ധ്യക്ഷന്മാര്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്‌ത് ഒരാഴ്ചയ്‌ക്കകം ഭാരവാഹിപ്പട്ടിക അന്തിമമാക്കും.

അതിന് ശേഷം ഔദ്യോഗികമായി ഭാരവാഹികളെ കെ.പി.സി.സി പ്രഖ്യാപിക്കും. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും ജോലിയുള്ളവരെ ഡി.സി.സി ഭാരവാഹിത്വത്തിലും ബ്ലോക്ക് പ്രസിഡന്റ് പദവിയിലും പരിഗണിക്കരുതെന്ന നിര്‍ദ്ദേശവും കരടിലുണ്ട്.

അവരെ നിയോഗിച്ചാല്‍ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കാര്യക്ഷമതയുണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ സഹകരണസംഘം ഭാരവാഹികളെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമില്ല.