എൽ.പി.ജി.യെക്കാൾ വിലക്കുറവ്, അപകട സാധ്യതയില്ല; സിറ്റി ഗ്യാസ് വിതരണം ജനുവരിയിൽ

Share

ആലപ്പുഴ: ജില്ലയിലെ വീടുകളിൽ ജനുവരിയോടെ പൈപ്പുകളിലൂടെ പാചകവാതകം എത്തും. വീടുകളിൽ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി.) ആണ് വീടുകളിലെത്തുക. വിതരണത്തിനായി തങ്കിയിൽ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷൻ ചെയ്തതോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി.) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി. ആൻഡ് പി.) പദ്ധതിയുടെ നിർവഹണ ചുമതല. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് വീടുകളിൽ പൈപ്പ്ഡ് നാച്ച്വറൽ ഗ്യാസ് നൽകുന്ന പദ്ധതിക്ക് വേഗം കൈവരിച്ചത്. ഗെയിൽ പൈപ്പ് ലൈൻ വഴിയുള്ള കണക്ടിവിറ്റികൂടി സിറ്റി ഗ്യാസ് പദ്ധതിക്ക് ലഭിക്കുന്നതോടെ കുടുതൽ ഭാഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കപ്പെടും.

ആദ്യഘട്ടത്തിൽ രജിസ്‌ട്രേഷൻ ആരംഭിച്ച വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമായിരിക്കും പാചകവാതകം ആദ്യം ലഭിക്കുക. വയലാർ പഞ്ചായത്തിലെ 16 വാർഡുകളിലായി 5792 രജിസ്ട്രേഷനും 3970 വീടുകളിൽ പ്ലമ്പിങ്, മീറ്റർ സ്ഥാപിക്കൽ ജോലികൾ എന്നിവയും പൂർത്തിയായി. ചേർത്തല നഗരസഭയുടെ കീഴിലെ 35 വാർഡുകളിൽ 20 വാർഡുകളിലായി 6057 രജിസ്ട്രേഷനും 2856 വീടുകളിൽ പ്ലമിങ്, മീറ്റർ സ്ഥാപിക്കൽ ജോലികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള വാർഡുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു. മറ്റ് ജോലികൾ തുടങ്ങണമെങ്കിൽ റെയിൽവേയുടെയും ദേശീയപാത അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.