‘പോഷകസമൃദ്ധം പ്രഭാതം’ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി

Share

കളമശേരി: സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന ‘പോഷകസമൃദ്ധം പ്രഭാതം’ പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.കളമശ്ശേരി മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്ക് സൗജന്യ പ്രഭാത ഭക്ഷണ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനമാണ് തട്ടാംപടി സെന്റ്‌ ലിറ്റിൽ തെരേസാസ് യുപി സ്കൂളിൽ നടന്നത്.

കളമശേരി മണ്ഡലത്തിലെ 37 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എണ്ണായിരത്തോളം കുട്ടികൾക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ബിപിസിഎല്ലിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പിടിഎ, സ്കൂൾ മാനേജ്മെന്റ്‌ എന്നിവ ചേർന്ന്‌ മേൽനോട്ടം വഹിക്കുന്ന പദ്ധതിയിൽ ഒരു കുട്ടിയുടെ ഭക്ഷണത്തിന് ഉണ്ടാകുന്ന ചിലവ് 10 രൂപയാണ്. ശരീരത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും ബുദ്ധിവികാസത്തിനും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. യുവത്വത്തെയും കൗമാരത്തെയും ഊർജസ്വലതയോടെ നിലനിർത്തുന്നതിന്‌ ‘യുവതയ്‌ക്ക് ഒപ്പം’ എന്ന പദ്ധതി ഉടൻ ആരംഭിക്കും. ‘ഓർമ മറയുന്നവർക്ക് ഒപ്പം’ എന്ന പദ്ധതിയിൽ ഡിമെൻഷ്യരോഗികൾക്കായി മെമ്മറി ക്ലിനിക്ക് ഈ മാസം 21 ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പിയശേഷം അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.