തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ലൈഫ് സയൻസ് പാർക്കായ ബയോ 360ൽ വൈറോളജി ലബോറട്ടറി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. മോളിക്യുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങളുള്ള ഈ ലാബുകളിൽ മങ്കിപോക്സ് ഉൾപ്പെടെ എൺപതോളം വ്യത്യസ്ത വൈറൽ രോഗങ്ങൾ കണ്ടെത്താനാകും. കെഎസ്ഐഡിസി നിർമിച്ച 80,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) കൈമാറും.
കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയുന്ന നൂതനസൗകര്യങ്ങളുള്ള ബിഎസ്എൽ 3 ലാബുകളുടെ നിർമാണവും നിർമാണവും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ബയോ സേഫ്റ്റി -2 കാറ്റഗറിയിലുള്ള 16 ലാബുകളുടെ പ്രവർത്തനവും നടന്ന് വരുകയാണ്.
ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ലാബുകൾ സജ്ജമാക്കുന്നത്.