സബ്സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കാം.. ജൂലൈ 1 മുതൽ അപേക്ഷിക്കാം

Share

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (SMAM) യിൽ ജൂലൈ ഒന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്സൈറ്റിൽ കൂടി ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏതൊരാൾക്കും പൂർത്തിയാക്കാവുന്ന താണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്.

എല്ലാ വിധ കാർഷിക യന്ത്രോപകരണങ്ങളും കൂടാതെ വിള സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ ഇനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം ഈ പദ്ധതിയിൽ കീഴിൽ ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെ സബ്സിഡി ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതിതുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ 8 ലക്ഷം രൂപവരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്സിഡി ലഭിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്ത് മെഷീൻ വാങ്ങി കഴിഞ്ഞാൽ അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന് മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതി ആയതിനാൽ ഈ പദ്ധതിയുടെ ഒരുഘട്ടത്തിലും ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി മുകളിൽ പറഞ്ഞ വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ 8075251014, 9895440373, 9383471799 എന്നീ ഫോൺ നമ്പറുകളിലോ smamkerala@gmail. com എന്ന ഈ -മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ജാതിസർട്ടിഫിക്കറ്റ് ( പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രം )