തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌ക്കരണത്തിലൂടെ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്ര അവബോധമുള്ള സാങ്കേതിക നേട്ടങ്ങൾക്ക് ശ്രമിക്കുന്ന സമൂഹമായി കേരളം മാറണം.
പ്രാഥമിക വിദ്യാഭ്യാസത്തിൽ കേരളം നേടിയ മുന്നേറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകണം.സംസ്ഥാന ബജറ്റിൽ 1000 കോടിയോളം രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലക്ക് നീക്കി വെച്ചിരിക്കുന്നത്.മേഖലയുടെ പരിഷ്‌ക്കരണത്തിന് മൂന്ന് കമ്മീഷനുകളെ സർക്കാർ നിയോഗിച്ചു. കമ്മീഷനുകളുടെ നിർദേശമനുസരിച്ച് കരിക്കുലം കാലാനുസൃതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്.
പഠന പ്രക്രിയ സർഗാത്മകവും സ്വച്ഛന്ദവുമായി മാറണം. സ്വയം പഠനം, അനുഭവങ്ങളിലുടെയുള്ള പഠനം എന്നിവ സിലബസിന്റെ ഭാഗമാകണം. അദ്ധ്യാപക കേന്ദ്രീകൃതമാകാതെ ക്ലാസ് മുറികളെ സംവാദാത്മകമാക്കാൻ കഴിയേണ്ടതുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് അക്കാദമിക സമൂഹം അഭിസംബോധന ചെയ്യേണ്ട പ്രധാന വിഷയമാണ്.