അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നിർത്തി പൊരിച്ചു

Share

ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി കുടഞ്ഞു.

സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ? എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയോട് മുഖത്ത് നോക്കി ചോദിച്ചു.

ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞോ?

ആഭ്യന്തരവകുപ്പിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?

പ്രതിക്ക് സുപ്രീംകോടതി വരെ പോകാൻ എന്തിനാണ് അവസരം നൽകിയത്?

സാധാരണക്കാരൻ്റെ കാര്യം നോക്കാൻ ഇവിടെ കോടതി ഉണ്ട്. അത് ഓർമ്മയിരിക്കട്ടെയെന്നും ഹൈക്കോടതി പറഞ്ഞു.

നടപടി എടുക്കരുതെന്നു ഡി വൈ. എസ്.പി കോടതിയോട് അപേക്ഷിച്ചു.

വീഴ്ച്ചയ്ക്ക് നടപടിയുണ്ടാകുമെന്ന് ഡിവൈ.എസ്. പിയോട് കോടതി വ്യക്തമാക്കി.

അന്വേഷണ മേൽനോട്ടമെന്താണെന്ന് അറിയുമോയെന്ന് ക്രൈംബ്രാഞ്ച് എസ്. പിയോടും കോടതി ചോദിച്ചു.

എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നൽകുക എന്ന സാഹചര്യം ഉണ്ടാക്കരുത്. ഒരു പ്രതിയെയും രക്ഷിക്കാനാകില്ല.

പൊലീസ് അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. അതിൽ സർക്കാർ നടപടി എടുത്തില്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി പറഞ്ഞു.

ഇതിനിടയിൽ
കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥനെ ജഡ്ജി വിമർശിച്ചു.

സുപ്രധാന കേസ് വരുമ്പോൾ എന്തിനാണ് ഓൺലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.

ചാനലുകൾ കോടതി നടപടി റെക്കോർഡ് ചെയ്ത് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു.

മൈക്ക് ഓൺ ആക്കൂവെന്നായി കോടതി. മൈക്ക് ഓൺ ആയി.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എ. ഡി.ജി.പിക്ക് നിർദേശം നൽകി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *