ഡോ.റാം: ഡിവൈ.എസ്.പിയെ സർവ്വീസിൽ നിന്ന് നീക്കണമെന്ന് ഹൈക്കോടതി

Share

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഡോ.എം.കെ. റാമിനെ വിട്ടയക്കാൻ ഇടയാക്കിയ അന്വേഷണ ഉദ്യോഗസ്ഥൻ കഴിവില്ലാത്തയാളാണെന്നും അയാളെ സർവ്വീസിൽ നിന്ന് നീക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു.

പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദീന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം.

ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇതെന്നും പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

പ്രതിയ്ക്ക് രക്ഷപെടാനുള്ള പഴുത് ഡിവൈ.എസ്.പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈ.എസ്:പിയെന്നും കോടതിയുടെ വിമര്‍ശിച്ചു.

പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്ക് എതിരെയാണ് വിമര്‍ശനം.

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചു.

അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *