എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ രക്ഷിക്കാൻ കളിക്കളത്തിൽ വീണ്ടും കരുക്കൾ നീക്കി ഡി.ജി.പി.
അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർ അന്വേഷണം നടത്താൻ റിപ്പോർട്ട് എസ്.ഐ.ടിക്ക് തിരിച്ചയച്ചു. അങ്ങനെ അജിത് കുമാറിനെതിരെയുള്ള നടപടിയിൽ വീണ്ടും ട്വിസ്റ്റ്.
അജിത് കുമാറിനെ രക്ഷിക്കാൻ അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണുന്നില്ല എന്ന വാർത്ത വന്നതോടെ കളളി വെളിച്ചത്തായി. ഇതോടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുമെന്നായിരുന്നു വെളിപ്പെടുത്തൽ. അന്യസംസ്ഥാനത്തുള്ള ആഭ്യന്തര സെക്രട്ടറി വന്നാലുടൻ കൈമാറുമെന്നായിരുന്നു ഒടുവിലത്തെ വിശദീകരണം.
ഇന്ന് നേരം വെളുത്തപ്പോൾ വീണ്ടും മറിഞ്ഞു. തുടരന്വേഷണം നടത്തുമെന്നായി മലക്കം മറിച്ചിൽ. അന്വേഷണത്തിൽ ചില വ്യക്തതകൾ വേണമെന്ന നിലപാടിലായി ഡി.ജി.പി.
അതിനായി അന്വേഷണ റിപ്പോർട്ടിൻ്റെ കളം തുറന്ന് വച്ചിരിക്കുകയാണ്. കാലാൾപ്പടയും തേരും കുതിരയും മന്ത്രിയും രാജാവുമെല്ലാം കളിക്കളത്തിലുണ്ട്. അവിടെയാണ് റിപ്പോർട്ടിലെ വ്യക്തതയ്ക്കുവേണ്ടി കരുക്കൾ നീക്കുന്നത്.
എന്ത് വ്യക്തതയാണ് വേണ്ടത്? അജിത് കുമാറിനെ രക്ഷിക്കാനുള്ള വ്യക്തതയോ? അത് വരുത്തിതീർക്കാനാണ് തുടരന്വേഷണം എന്ന് വ്യക്തം. തുറന്ന് പറഞ്ഞാൽ എസ്.ഐ.ടി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വെട്ടിത്തിരുത്തൽ വരുത്തി അജിത് കുമാറിനെ പുണ്യാളനാക്കാനുള്ള ശ്രമം.
ഇപ്പോൾ ഡി.ജി.പിയുടെ പക്കലിരിക്കുന്ന അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകിയാൽ അജിത് കുമാറിനെതിരെ നടപടിയുണ്ടാകും. സസ്പെൻറ് ചെയ്തേക്കും എന്നു വരെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയതാണ്.
അജിത്കുമാറിന് ഡി.ജി.പി യാകണം. ജൂലായ് 31 ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത് കുമാർ ഡി.ജി പി റാങ്കിലേക്ക് വരും. അന്വേഷണ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായാൽ പിന്നെ ഡി.ജി.പി മോഹം നടക്കില്ല. അതുകൊണ്ടാണ് എന്ത് വില കൊടുത്തും അന്വേഷണ റിപ്പോർട്ടിനെ സ്വാധീനചക്രം കൊണ്ട് മറച്ച് നിർത്തുന്നത്.
തുടരന്വേഷണം നടത്തുന്ന റിപ്പോർട്ട് ജൂലായ് 31 കഴിയാതെ പുറത്ത് വരില്ല.അതിനേക്കാൾ നീണ്ട് പോകും. ഇനി അഥവാ വന്നാൽ തന്നെ എല്ലും തോലുമായ റിപ്പോർട്ടായിരിക്കും. മഞ്ജയും മാംസവുമെല്ലാം വെട്ടിയെടുത്ത് കുഴിച്ച് മൂടും.
വെറും പ്രഹസനമാക്കി എസ്.ഐ.ടി അന്വേഷണത്തെ മാറ്റും. പേരിനൊരു റിപ്പോർട്ട് എന്ന നിലയിൽ അതിനെ മാറ്റി അജിത്കുമാറിനെ രക്ഷിച്ചെടുക്കും.
മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർക്കെതിരെ അന്വേഷണം നടത്തിയ രണ്ട് എ.എസ്.ഐമാരെ ഫോണിൽ വിളിച്ചതും അന്വേഷണ റിപ്പോർട്ട് തിരുത്തിച്ചതുമായ സുപ്രധാന വിവരങ്ങളാണ് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിലുള്ളത്. ക്രിമിനൽ കേസും സസ്പെൻഷൻ അടക്കം ഉണ്ടാകാവുന്ന തെളിവുകൾ വെട്ടിനിരത്തുന്നതിനാണ് തുടർഅന്വേഷണം.
ഇത് ആരുടെ ബുദ്ധി?എന്തായാലും ഇത്രയും വിവാദമായ സംഭവം ഡി.ജി.പി മാത്രം വിചാരിച്ച് തകിടം മറിക്കുമെന്ന് കരുതാനാവില്ല. അപ്പോൾ ആരുടെയൊക്കെ കരങ്ങളാണ് ഇതിന് പിന്നിൽ?
അണിയറയിലിരുന്ന് അജിത്കുമാറിന് വേണ്ടി ചെക്ക് പറയുന്നതാരാണ്? അജിത്കുമാറിൻ്റെ സ്വാധീനത്തിൻ്റെ പകിട പകിട പന്ത്രണ്ട് കളി കണ്ടില്ലേ.
ആ പകിടകളിയിൽ കരുക്കൾ നീക്കാൻ ഭരണപക്ഷത്തും പ്രതിപക്ഷത്തും വമ്പൻമാരുണ്ടെന്നത് വ്യക്തമാണ്. പ്രതിപക്ഷത്തെ വമ്പൻ അജിത്കുമാറിൻ്റെ രക്ഷകനായ സാക്ഷാൽ പിണറായിയാണോ? അങ്ങനെയെങ്കിൽ ഭരണപക്ഷത്തെ രക്ഷകൻ ആര്?
പോലീസിനെ തൊട്ടാൽ കളി മാറും മോനേ. പോലീസുകാർ പ്രതികളാകേണ്ട എത്രയെത്ര കേസുകളിൽ വാദി പ്രതിയായിരിക്കുന്നു. പിന്നെയാണ് അജിത്കുമാറിനെതിരെയുള്ള ‘ചീള് ‘ കേസ്.
അജിത് കുമാർ പുലിയാണ് മോനേ പുപ്പുലി. ഈ പുലിയോട് കളി വേണ്ട. കളി ഒരുപാട് കണ്ടതാണ്. വേട്ടയാടി തോൽപ്പിക്കാനാവില്ല. മാധ്യമങ്ങൾ തോറ്റ് തൊപ്പിയിട്ടു പോകും.