സുഗതൻ്റെ സത്യപ്രതിജ്ഞ ഇന്ന് ജയിലിൽ

Share

കാപ്പാ പ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും.
ഹൈക്കോടതി നിർദേശ പ്രകാരമാണിത്.

സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന സുഗതൻ്റെ ഹർജിയിൽ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിൽ സൗകര്യമൊരുക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ചട്ടപ്രകാരം ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിന് നിയമതടസമില്ലെന്നും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സത്യപ്രതിജ്ഞ നടത്തുന്നതിനായി കാപ്പാ തടവിൽ നിന്ന് ഇടക്കാല മോചനം അനുവദിക്കണമെന്ന സുഗതന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജയിലിൽ സത്യപ്രതിജ്ഞ നടത്താനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞത്. ഇതിന് മറുപടിയായാണ് സർക്കാർ നിലപാട് അറിയിച്ചത്.

കാപ്പാ തടവിൽ നിന്ന് താത്കാലിക മോചനം നൽകാൻ നിയമപരമായി കഴിയില്ലെന്നും ഇടക്കാല മോചനം അനുവദിക്കരുതെന്നും സർക്കാർ കോടതിയെ അറിയി ച്ചു.

ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ 20 കൗൺസിലർമാരിൽ ഒരാളാണ് ആർ. സുഗതൻ. രണ്ട് ക്രിമിനൽ കേസുകളിൽ നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും, കാപ്പാ തടവിൽ നിന്ന് മോചിതനായാൽ മാത്രമേ ആ ജാമ്യം പ്രാബല്യത്തിൽ വരൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

തുടർന്നാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 9 മുതൽ കാപ്പാപ്രകാരം സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *