ഓപ്പറേഷൻ തൂഫാൻ
ഒരു മാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കൾ.
5353 കേസുകൾ രജിസ്റ്റർ ചെയ്തു. 5736 പേരെ അറസ്റ്റ് ചെയ്തു. 3706.743 ഗ്രാം എം.ഡി.എം.എ, 392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയിൽ, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗൺ ഷുഗർ, 12.6709 ഗ്രാം മെത്താഫെറ്റാമിൻ, 31.23 ഗ്രാം ഹെറോയിൻ, 428 കഞ്ചാവ് ചെടികൾ, 11 എൽഎസ്ഡി സ്റ്റാമ്പുകൾ, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്സ്, 3294 കഞ്ചാവ് ബീഡികൾ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
സ്കൂൾ കോളേജ് പരിസരങ്ങളിൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതോടെ ലഹരി വില്പനയും വിപണനവും ഗണ്യമായി കുറഞ്ഞുവരുന്നതായാണ് കാണാനാകുന്നത്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി വ്യാപനം ഫലപ്രദമായി തടയാനും കേന്ദ്ര ഏജൻസികളുടെ യോഗം ആഭ്യന്തര വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയിരുന്നു. ഇതിൻ്റെ ഫലമായി ‘ടി-ഇന്റ്’ എന്ന പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ഡ്രോൺ, സൈബർ നിരീക്ഷണങ്ങൾ ശക്തമാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
6005 ബോധവത്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളും പോലീസ് സംഘടിപ്പിച്ചു. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 5100 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരിയ്ക്ക് അടിമപ്പെട്ടവരെ കൗൺസിലിംഗിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന മാനുഷികമായ ലക്ഷ്യവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നേറുന്ന ഈ പദ്ധതിക്കുണ്ട്.
പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണം ശക്തമാക്കാൻ മതനേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളും സാമൂഹിക, സാംസ്കാരിക സംഘടനകളും
മാധ്യമങ്ങളും തൂഫാൻ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്. ഈ ‘കൊടുങ്കാറ്റ്’ വരും മാസങ്ങളിൽ കൂടുതൽ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു.