പ്രിയതമയാകാൻ “പ്രിയദർശിനി” യുടെ സ്നേഹബെൽ

Share
Image

ഇന്നത്തെ സുദിനം പൊട്ടി വിടർന്നത് പ്രിയദർശിനിയിലേക്ക്. നിറഞ്ഞ മനസുമായി നമ്മുടെ അമ്മമാരും സഹോദരിമാരും പ്രിയദർശിനിയിലേക്ക് വലത്കാൾ വച്ച് കയറുകയാണ്. സ്വന്തമായി ഒരു ബസുണ്ടായി എന്ന തെല്ല് ഗമയോടെ. കണ്ടക്ടർ ഡബിൾ ബെല്ലടിക്കുമ്പോൾ ബസിനുള്ളിൽ സന്തോഷം പൂത്തുലയുന്നു.

യു.ഡി.എഫ് സർക്കാരിൻ്റെ ഇന്ദിരാ ഗ്യാരൻ്റി “ഫ്രീ യാത്ര” അങ്ങനെ മുന്നോട്ട് കുതിക്കുമ്പോൾ കേരളഹൃദയത്തിൽ എഴുതി ചേർക്കപ്പെടുന്നത് പുതുചരിത്രം.

പറഞ്ഞത് പറഞ്ഞതുപോലെ നടപ്പിലാക്കിയ ഇച്ഛാശക്തിയുള്ള വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ കുതിപ്പ്. സൂപ്പറെ… സൂപ്പർ!

ഏത് മുക്കിനും മൂലയിൽ നിന്നും ധൈര്യമായിട്ട് സ്ത്രീകൾക്ക് കൈ കാണിക്കാം. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് മുന്നിൽ നിൽക്കും. കാരണം ഇത് നിങ്ങളുടെ ബസാണ്. നിങ്ങളാണ് ഇതിൻ്റെ ഉടമ. ഉടമയ്ക്ക് എന്തിന് ടിക്കറ്റ്! കെ.എസ്.ആർ.ടി.സിയെ ജനങ്ങളുടെ സ്വന്തം ബസാക്കിയ സർക്കാർ. ഇതൊരു അനുഗ്രഹമാണ് പ്രത്യേകിച്ച് പാവപ്പെട്ട സ്ത്രീകൾക്ക് . ഇവിടെ പാവമെന്നോ, സമ്പന്നനെന്നോ വേർതിരിവില്ല. പെണ്ണായി പിറന്നവർക്കെല്ലാം അന്തസായി യാത്ര ചെയ്യാം. ട്രാൻസ് ജൻഡേഴ്സിനും ഓകെ. സ്വന്തമായി ഒരു ബസ് വാങ്ങി അതിൽ യാത്ര ചെയ്യുന്ന ഫീലിംഗ്. അത് നിറയ്ക്കുന്നത് ജനാധിപത്യ രാജ്യത്തെ ജനകീയ സർക്കാരിൻ്റെ സമം വയ്ക്കാനാവാത്ത ജനകീയ മുഖം.

കേരളത്തിൽ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളും 5765 ബസുകളുമുണ്ട്. അതിൽ 3000 ഓർഡിനറി ബസുകളാണ്. ഇതിന് പുറമേ സ്വകാര്യ മേഖലയിൽ പതിനായിരം ബസുകളും.

കെ.എസ്.ആർ.ടി.സി യാത്രക്കാരിൽ 60 ശതമാനവും വനിതകളാണ്. 30-35 ലക്ഷം പേർ നിത്യവും യാത്ര ചെയ്യുന്നു. അതിൽ 18-21 ലക്ഷം വനിതകളാണ്. ഇതിൽ തന്നെ 8 മുതൽ 11 ലക്ഷം സ്ത്രീകൾ ഓർഡിനറി ബസിലെ യാത്രക്കാരാണ്. ഇവരാണ് ഇനി ടിക്കറ്റില്ലാ യാത്രയുടെ സുഖം നുകരുന്നത്. കണ്ടക്ടർ നിങ്ങളുടെ അടുത്ത് വരും, ടിക്കറ്റ് തരും. പക്ഷേ, പൈസ വാങ്ങില്ല. ടിക്കറ്റ് തരുന്നതെന്തിനെന്നോ? എത്ര പേർ യാത്ര ചെയ്തുവെന്ന കണക്കറിയാൻ. ആ കണക്ക് വച്ച് തുക കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകും. അടിപൊളി. കെ.എസ്.ആർ.ടി.സി അങ്ങനെ സന്തോഷവതിയായി മുന്നോട്ട് കുതിക്കും.

ആശാവർക്കർമാർ, നഴ്സുമാർ, അദ്ധ്യാപികമാർ, മത്സ്യതൊഴിലാളികൾ, വിവിധ മേഖലകളിലെ തൊഴിലാളികൾ, വിദ്യാർത്ഥികൾ അങ്ങനെ നീളുന്നു ഓർഡിനറി ബസിലെ സ്ത്രീ നിര.

യാത്ര സൗജന്യമായതോടെ വനിതാ യാത്രാക്കാരുടെ എണ്ണം കുതിച്ചുയരും. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വരെ നമ്മുടെ സ്വന്തം കെ.എസ്.ആർ.ടി.സി ബസുകളുടെ ഉറ്റമിത്രങ്ങളാവും.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ട്രാൻസ്പോർട്ട് ബസുകളുള്ളത്. 4 മുതൽ 4.5 ലക്ഷം പേർ ദിവസവും യാത്ര ചെയ്യുന്നു.ഇതിൽ 2.4 മുതൽ 2.7 ലക്ഷം സ്ത്രീകളാണ്. ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നത് 1.2 മുതൽ 1.4 ലക്ഷം സ്ത്രീകൾ.
തിരുവനന്തപുരം സിറ്റി റൂട്ടിലെ 80 ശതമാനം യാത്രക്കാരും വനിതകളാണെന്നുള്ളത് ഫ്രീ യാത്രയുടെ മധുരം വർണ്ണനകൾക്കപ്പുറമാക്കുന്നു. മെഡിക്കൽ കോളേജ്, ടെക്നോപാർക്ക്, ലുലു തുടങ്ങിയിടങ്ങളിലേക്ക് വനിതകളുടെ ഒഴുക്കാണ്.
തമിഴ്നാടിൻ്റെ അതിർത്തിയായതുകൊണ്ട് നെയ്യാറ്റിൻകര, പാറശാല റൂട്ടിൽ രാവിലെയും വൈകിട്ടും സ്ത്രീകളുടെ തിരക്കോട് തിരക്കാണ്. അന്യസംസ്ഥാനങ്ങളിലെ സ്ത്രീകൾക്കും ”യാത്ര ഫ്രീ” .

Image

1965 മാർച്ച് 20 നാണ് കെ.എസ്.ആർ.ടി.സി തുടങ്ങിയത്. അതിന് മുമ്പേ ഉണ്ടായിരുന്നത് 1938 ഫെബ്രുവരി 20 ന് തുടങ്ങിയ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊല്ലം വഴി ആലപ്പുഴയ് ക്കായിരുന്നു ആദ്യ യാത്ര. അഞ്ച് ഷെവർലെ ബസുകളാണ് അന്ന് ഓടിയത്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ കരങ്ങളായിരുന്നു അതിന് പിന്നിൽ. എന്നാൽ സൗജന്യ യാത്ര ഇതാദ്യം.

ഇതാണ് സ്ത്രീ ശാക്തീകരണത്തിലെ യാത്രാവിപ്ലവം. ഇങ്ങനെയൊരു വിപ്ലവത്തിന് തുടക്കമിടാൻ യു.ഡി.എഫ് സർക്കാരിനല്ലാതെ മറ്റാർക്ക് കഴിയും.
പ്രകടന പത്രികയിൽ പ്രഖ്യാപിച്ചു. അധികാരത്തിലേറി ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനവും. കെ.എസ്.ആർ.ടി.സി നഷ്ടം നഷ്ടം എന്ന് കരഞ്ഞു വിളിച്ച് നടന്നവർക്ക് മുന്നിൽ നെഞ്ചുറപ്പോടെ ഫ്രീ ബസുകൾ ഓടുമ്പോൾ ഞെട്ടരുത് സാറെ ഞെട്ടരുത് സ്റ്റിയറിംഗ് പിടിക്കുന്നത് യു.ഡി.എഫ് സർക്കാരാണ്. ജനങ്ങൾ ഹൃദയം തന്ന് ഇരുകൈയോടെ വാരിപ്പുണർന്ന ജനകീയ സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *