ലോക്സഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം

Share

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ ഏപ്രില്‍ നാലു വരെ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് എന്നീ ദിവസങ്ങള്‍ ഒഴികെ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേർക്കു മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ.

Ad 5

പൊതു വിഭാഗത്തിന് 25000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. ഈ ഇളവിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

മാർച്ച് 28ന് രാവിലെ 11ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാലുടൻ പത്രിക സ്വീകരിച്ചു തുടങ്ങും. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ടു വരെ സ്ഥാനാർഥിത്വം പിന്‍വലിക്കാം.