തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാർച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.
6 നിലകളുള്ള കെട്ടിടത്തിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 18 കോടിയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകളാണ് കെട്ടിടത്തിലുള്ളത്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാർത്ഥികളുടെ ദീർഘകാല ആവശ്യമാണ് ലേഡീസ് ഹോസ്റ്റലിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് മതിയായ താമസ സൗകര്യവും സജ്ജമാക്കി വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി സർക്കാർ പ്രത്യേക പ്രാധാന്യം നൽകി വരുന്നു. അടുത്തിടെ മെഡിക്കൽ കോളേജിനായി 25 അധ്യാപക തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, ജറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി തുടങ്ങിയ വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.